അണയാതെ തീ...
text_fieldsനിലമേൽ എൻ.എസ്.എസ് കോളജ് കാമ്പസിലുണ്ടായ തീപിടിത്തം
കൊല്ലം: ചൂട് വര്‍ധിച്ചതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലുൾപ്പെടെ തീപിടിത്തം വ്യാപകം. ഒരുമാസമായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ജില്ലയിലുണ്ടായത്.2024ൽ ജില്ലയിലെ 11 അഗ്നിരക്ഷാനിലയങ്ങളിൽ 1538 ഫോൺ വിളികളാണ് തീപിടിത്തവുമായി ബന്ധപ്പെട്ടെത്തിയത്. എന്നാൽ, 2025 തുടങ്ങി ഒന്നരമാസം പിന്നിടുമ്പോൾ 373ഓളം ഫോൺ വിളികളെത്തി. ചൂട് വർധിച്ചതോടെ ഈ മാസം അഗ്നിരക്ഷനിലയങ്ങളിലെത്തുന്ന ഫോൺ വിളികളിലേറെയും തീപിടിത്തവുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച മാത്രം ഇരുപതിലധികം സ്ഥലങ്ങളിലാണ് ജില്ലയിൽ തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ പ്രധാന പൊതുമേഖല സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന് കീഴിലെ കുളത്തൂപ്പുഴ കണ്ടൻചിറ തോട്ടത്തിലുണ്ടായ തീപിടിത്തത്തിൽ വ്യാപകമായി എണ്ണപ്പനകള്‍ നശിച്ചു. തോട്ടത്തിലേക്ക് പടര്‍ന്ന തീ രണ്ടാംദിനവും പൂര്‍ണമായി കെടുത്താനാവാത്ത അവസ്ഥയായിരുന്നു. പുനലൂർ, കടക്കയ്ൽ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷ സംഘമെത്തി മണിക്കൂറുകളോളം ശ്രമിച്ചാണ് തീ ആദ്യദിനം നിയന്ത്രണ വിധേയമാക്കിയത്. 150 ഏക്കറോളം പ്രദേശത്തെ തോട്ടം തീ വിഴുങ്ങി. വെട്ടി ഒഴിഞ്ഞ പനകള്‍ വ്യാപകമായി തോട്ടത്തിലുള്ളത് നാശം ഇരട്ടിപ്പിച്ചു. വ്യാഴാഴ്ചയാണ് കൊറ്റങ്കര പഞ്ചായത്ത് ഓഫിസിന് സമീപത്ത് അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിൽ പുലർച്ച തീപിടിത്തമുണ്ടായത്. തടികളും മെഷിനറികളും നശിച്ചു. ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽനിന്നുള്ള ആറ് യൂനിറ്റ് ഫയർഎൻജിൻ നാല് മണിക്കൂർ പ്രവർത്തിച്ചാണ് തീയണച്ചത്.
കൊല്ലം, ചാമക്കട, പരവൂർ, പുനലൂർ, പത്തനാപുരം, കുണ്ടറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, ചവറ, കടക്കൽ, ശാസ്താംകോട്ട എന്നിവിടങ്ങളിലയി 11 അഗ്നിരക്ഷാസേന നിലയങ്ങളാണ് ജില്ലയിലുള്ളത്. നിലവിൽ ഉദ്യോസ്ഥരും ഡ്രൈവർമാരും ആവശ്യത്തിനുണ്ടെങ്കിലും വേനൽക്കാലത്ത് ഇവർക്ക് ജോലിഭാരം ഇരട്ടിയാകുന്നത് പതിവാണ്. ജില്ലയിൽ പുതുതായി ഓയൂരിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ ഭരണാനുമതിയായിട്ടുണ്ട്. കിഴക്കൻ മേഖലയിലെ വനപ്രദേശങ്ങളോട് ചേർന്നുള്ള തെന്മലയിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കുമെന്ന തീരുമാനത്തിന് തുടർ നടപടികളുണ്ടായില്ല.
നിലമേൽ എൻ.എസ്.എസ് കോളജിൽ തീപിടിത്തം
കടയ്ക്കൽ: നിലമേൽ എൻ.എസ്.എസ് കോളജ് കാമ്പസിൽ തീപിടിത്തം. കഴിഞ്ഞദിവസം ഉച്ചയോടെ ഗ്രൗണ്ടിനോട് ചേർന്ന് പുല്ലുമുടിക്കിടന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.കോളജ് അധികൃതർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് കടയ്ക്കൽനിന്നെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. മുമ്പും സമാനമായ രീതിയിൽ കോളജിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

