കാട്ടുപന്നി ആക്രമണം; സ്കൂട്ടർ യാത്രികന് പരിക്ക്
text_fieldsപുനലൂർ: കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ആര്യങ്കാവ് ഒമ്പതേക്കർ മലഞ്ചരിവ് വീട്ടിൽ വിജയകുമാറിനാണ് (53) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയിൽ ആര്യങ്കാവ് ക്ഷേത്രത്തിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. വിജയകുമാറിന്റെ കോഴിക്കടയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. പാതക്ക് കുറുകെ വന്ന പന്നി സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ വിജയകുമാറിന് കൈകാലുകൾക്കും മുഖത്തും പരിക്കേറ്റു. സ്കൂട്ടർ തകർന്നു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാന വീട് ആക്രമിച്ചു; വയോധികൻ ഓടി രക്ഷപ്പെട്ടു
പത്തനാപുരം: കിഴക്കൻ മേഖലയിലെ കാട്ടാന ശല്യത്തിന് അറുതിയാകുന്നില്ല. കഴിഞ്ഞ രാത്രി കടശ്ശേരി കമ്പിലൈനിൽ വീടിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. കമ്പിലൈനിൽ കുടിൽ കെട്ടി താമസിക്കുന്ന ചരുവിൽ വീട്ടിൽ കുഞ്ഞിരാമൻ (82) കാട്ടാനയുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുടിലിന്റെ ഒരു ഭാഗം തകർത്ത കാട്ടാന കുഞ്ഞിരാമനെ ആക്രമിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ വർഷവും കുഞ്ഞിരാമൻ താമസിച്ചിരുന്ന വീട് കാട്ടാന തകർത്തിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് കമ്പിലൈനിൽ കുടിലൊരുക്കിയത്. ഭാര്യയുടെ മരണശേഷം കുഞ്ഞിരാമൻ വർഷങ്ങളായി ഇവിടെയാണ് താമസിച്ചുവരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുത മീറ്ററും തകർന്നു. ഇതേത്തുടർന്ന് ഇവിടേക്കുള്ള വൈദ്യുതി അധികൃതരെത്തി വിച്ചേദിച്ചു.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വനത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് കുഞ്ഞിരാമൻ. തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണം മേഖലയിൽ ജനജീവിതം ദുഃസഹമാക്കുമ്പോഴും പ്രശ്നപരിഹാരത്തിന് നടപടിയില്ലാത്തത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

