കാട്ടുപോത്തുകളെ ഭയന്ന് കുളത്തൂപ്പുഴ നിവാസികൾ
text_fieldsജനവാസമേഖലയിൽ ഡീസെന്റുമുക്കിലെത്തിയ കാട്ടുപോത്ത് വീടുകൾക്ക് മുന്നിലൂടെ കടന്നുപോകുന്നു, അച്ചൻകോവിൽ -മുതലത്തോട്ടിൽ പാതക്ക് കുറുകെ ആന മറിച്ചിട്ട തേക്ക് മരം
കുളത്തൂപ്പുഴ: ദിനംപ്രതി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന കാട്ടുപോത്തുകളെയും കാട്ടാനകളെയും ഭയന്ന് വഴിനടക്കാനാവാതെ കുളത്തൂപ്പുഴ നിവാസികൾ. കുളത്തൂപ്പുഴ പഞ്ചായത്തിലെ അമ്പലം, അമ്പതേക്കർ, വില്ലുമല എന്നിവിടങ്ങളിലേക്കും കുളമ്പി, വട്ടക്കരിക്കം, ആമക്കുളം, പെരുവഴിക്കാല തുടങ്ങിയ പ്രദേശങ്ങളിലേക്കും കടന്നു പോകാനുള്ള ഏക യാത്രാമാർഗ്ഗമായ പാതയിലാണ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ അമ്പലം വാർഡിലെ ഡീസെന്‍റുമുക്ക് ജങ്ഷനു സമീപമെത്തിയ ബൈക്ക് യാത്രികൻ തൊട്ടുമുന്നിൽ കാട്ടുപോത്തിനെ കണ്ട് ബൈക്ക് വഴിയിൽ ഉപേക്ഷിച്ച് തൊട്ടടുത്ത മതിൽ ചാടിക്കടന്നാണ് രക്ഷപെട്ടത്. രണ്ടു ദിവസം മുമ്പ് പുലർച്ചെ സവാരി പോവുകയായിരുന്ന ഓട്ടോറിക്ഷ യാത്രികർ തലനാരിഴക്കാണ് കാട്ടുപോത്തിനു മുന്നിൽ നിന്നും അപകടത്തിൽ പെടാതെ ഒഴിഞ്ഞു മാറിയത്.
ഏതാനും ദിവസം മുമ്പ് വനംവകുപ്പ് അഞ്ചൽ റെയിഞ്ചിന്‍റെ നേതൃത്വത്തിൽ കാട്ടു മൃഗങ്ങളെ വനത്തിലേക്ക് പായിക്കുന്നതിനായി മിഷൻ വൈൽഡ് ലൈഫ് ഡ്രൈവ് സംഘടിപ്പിച്ച് കുളത്തൂപ്പുഴ ടൗണിനോട് ചേർന്നുള്ള പതിനാറേക്കർ, മരുതിമൂട് പ്രദേശങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ പായിച്ച് കുളത്തൂപ്പുഴയാറ് കടത്തി സൌരോർജ്ജ വേലി സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ വനത്തിലേക്ക് തുരത്തിയ കാട്ടുപോത്തുകൾ തൊട്ടടുത്തുള്ള ജനവാസ മേഖലയായ അമ്പതേക്കർ, അമ്പലം വാർഡുകളിലേക്ക് കടന്നെത്തുന്നതാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
പകലും പാതയോരങ്ങളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം കണ്ടതോടെ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടാൻ പോലും വീട്ടുകാർ മടിക്കുന്ന അവസ്ഥയാണെന്നും സ്വന്തം വീട്ടുമുറ്റത്തുപോലും സുരക്ഷിതമായി നിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതി ആണെന്നും നാട്ടുകാർ പറയുന്നു. അടിയന്തിരമായി ജനവാസ മേഖലക്ക് സമീപത്തെ ചെറുവനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള കാട്ടു മൃഗങ്ങളെ വനത്തിലേക്ക് തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

