Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപള്ളിയിൽ കാറ്റ്...

കരുനാഗപള്ളിയിൽ കാറ്റ് എങ്ങോട്ട്?

text_fields
bookmark_border
കരുനാഗപള്ളിയിൽ കാറ്റ് എങ്ങോട്ട്?
cancel

കരുനാഗപ്പള്ളി: കെ.പി.എ.സിയുടെ നേതൃത്വത്തിൽ സാംസ്കാരിക വിപ്ലവം നടന്ന കാലത്ത് നൂറുകണക്കിന് നാടകങ്ങൾക്ക് വേദിയൊരുക്കിയ കരുനാഗപ്പള്ളി തുടക്കം മുതൽ തന്നെ കമ്മ്യൂണിസത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. നിയോജകമണ്ഡലം ചവറ, കരുനാഗപ്പള്ളി എന്നിങ്ങനെ വേർപിരിയുന്നത് വരെ പൂർണമായും ഇടതുപക്ഷത്തോട് ചേർന്നാണ് നിന്നത്. കരുനാഗപ്പള്ളിയിൽ ഏതെങ്കിലും രാഷ്ട്രീയ വ്യതിയാനം സംഭവിച്ചത് 1976ൽ നിയോജകമണ്ഡലം വിഭജിച്ചശേഷം മാത്രമാണ്.

എന്നാൽ തന്നെ എസ്.ആർ.പി സ്വതന്ത്രൻ, ഘടകകക്ഷിയായ ജെ.എസ്.എസ് സ്ഥാനാർഥി എന്നിവർ ഒഴിച്ചാൽ കോൺഗ്രസിൽ നിന്ന് ആകെ ജയിച്ചത് സി.ആർ. മഹേഷ് മാത്രമാണ്. ഇത് ഒഴിച്ചാൽ ബാക്കി എല്ലാ ജനപ്രതിനിധികളും എല്ലാകാലത്തും ഇടതുപക്ഷത്തു നിന്നുള്ളവരായിരുന്നു. 1976ൽ രൂപവത്കൃതമായ കരുനാഗപ്പള്ളിയുടെ ആദ്യ എം.എൽ.എ ബി.എം ഷെരീഫിന്റെ മകളാണ് ഇക്കുറി ഇടതുപക്ഷത്തിന് വേണ്ടി അങ്കത്തിന് ഇറങ്ങിയതെന്ന വലിയ രാഷ്ട്രീയമാനം ഈ തെരഞ്ഞെടുപ്പിന് ഉണ്ട്. 1977 മുതൽ 1982 വരെ രണ്ട് തവണയാണ് ബി.എം ഷെരീഫ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

കരുനാഗപ്പള്ളി നഗരസഭ, തൊടിയൂർ, തഴവ, കുലശേഖരപുരം, ഓച്ചിറ, ക്ലാപ്പന, ആലപ്പാട് എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് കരുനാഗപ്പള്ളി നിയോജകമണ്ഡലം. ഇതിൽ തന്നെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് അനിഷേധ്യ സ്വാധീനമാണ് ഉണ്ടായിരുന്നത്. എന്നാൽ പാർട്ടിക്ക് അകത്തുണ്ടായ ചില വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലും കുലശേഖരപുരം, ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, എന്നിവിടങ്ങളിലും കേവല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് ഇത്തവണ യു.ഡി.എഫിന് വലിയ അളവിലുള്ള വിജയപ്രതീക്ഷയാണ് നൽകുന്നത്.

കഴിഞ്ഞ തവണ സി.ആർ മഹേഷ് 94225 വോട്ട് നേടി 29208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. അന്ന് എതിർ സ്ഥാനാർത്ഥിയായിരുന്ന എൽ.ഡി.എഫിലെ ആർ. രാമചന്ദ്രന് 65,017 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ബിറ്റി സുധീറിന് 12144 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ഈ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കെ.സി വേണുഗോപാലിന് ഇവിടെ നിന്നും 8925 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാൻ കഴിഞ്ഞത്. അന്ന് ബി.ജെ.പി സാരഥിയായിരുന്ന ശോഭാ സുരേന്ദ്രൻ 48839 വോട്ട് നേടി. കെ.സി.വേണുഗോപാൽ 57955 വോട്ടും സി.പി.എമ്മിന്‍റെ എ.എം. ആരിഫിന് 49030 വോട്ടുമാണ് ലഭിച്ചത്. നിയോജക മണ്ഡലത്തിൽ വോട്ടിന്റെ എണ്ണത്തിൽ വന്ന അസാധാരണ വർധനവാണ് ഇത്തവണ എൻ.ഡി.എയ്ക്ക് ആത്മവിശ്വാസം നൽകുന്നത്.

പാർട്ടിയിലെ തന്നെ പൊതുസമ്മതനും യുവനിര നേതൃ പ്രവർത്തകനുമായ വി.എസ് ജിതിൻ ദേവിനെയാണ് ഇത്തവണ എൻ.ഡി.എ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. എൻ.ഡി.എ, എ.ൽ.ഡി.എഫ്, യു.ഡി.എഫ് എന്നിവയെ കൂടാതെ ഇത്തവണ എസ്.ഡി.പി.ഐ, കോൺഗ്രസ് റിബൽ എന്നീ സ്ഥാനാർത്ഥികളും നാമനിർദേശം നൽകിയിട്ടുണ്ട്. നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഇരു മുന്നണികളും വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. അസ്വാഭാവികമായ കൂറുമാറ്റങ്ങൾക്കോ വിഭാഗീയതകൾക്കോ ഊഹക്കച്ചവടങ്ങൾക്കോ ഇത്തവണ കരുനാഗപ്പള്ളിയിൽ സാധ്യതയില്ലെന്ന് തന്നെയാണ് പൊതുവേ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി സ്വാഭാവികമായ വിധിയെഴുത്തായിരിക്കും ഈ പ്രാവശ്യം കരുനാഗപ്പള്ളിയിൽ നടക്കുന്നത്.

സി.ആർ മഹേഷ്

കെ.എസ്‌.യു കരുനാഗപ്പള്ളി ഗവ. ഹൈസ്കൂൾ യൂനിറ്റ് പ്രസിഡന്റ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് യൂനിറ്റ് പ്രസിഡന്റ്, യൂനിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ഫിലിം സെൻസർ ബോർഡ് അംഗം കേരള യൂനിവേഴ്സിറ്റി സെനറ്റ് മെംബർ, യുവജന ക്ഷേമ ബോർഡ് അംഗം തഴവ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അഡ്വ. എം.എസ് താര

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ചെയർപേഴ്സൺ, കേരളാ യൂനിവേഴ്സിറ്റി യൂനിയൻ ജോ. സെക്രട്ടറി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് യൂനിറ്റ് ഭാരവാഹി, സംസ്ഥാന വനിതാ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ വൈസ് പ്രസിഡന്റ്, മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സി.പി.ഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്ക് ചെയർപേഴ്സൺ, പന്നിശ്ശേരി നാണുപിള്ള സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.

വി.എസ് ജിതിൻദേവ്

യുവമോർച്ച ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ്, കുന്നത്തൂർ മണ്ഡലം ജന. സെക്രട്ടറി, കൊല്ലം ജില്ലാ പ്രസിഡന്റ്, ബി.ജെ.പി കൊല്ലം ജില്ലാ ജന. സെക്രട്ടറി, കൊല്ലം വെസ്റ്റ് ജില്ലാ ജന. സെക്രട്ടറി, മാധ്യമ വക്താവ്, തിരുവനന്തപുരം സോണൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എൻ.ഡി.എ സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamlocalnewsKerala Assembly Election 2026
News Summary - Where is the wind in Karunagapalli?
Next Story