ജലമെട്രോ: വിദഗ്ധ സംഘം സന്ദർശനം നടത്തി
text_fieldsകൊല്ലം വാട്ടർ മെട്രോ സാധ്യതാ പഠനങ്ങൾക്കെത്തിയ കൊച്ചി മെട്രോ അധികൃതർ, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാർ,
കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘം അഷ്ടമുടിക്കായലിൽ പരിശോധന നടത്തുന്നു
കൊല്ലം: അഷ്ടമുടി കായലിൽ ജലമെട്രോ ആരംഭിക്കുന്നതിനുള്ള സാധ്യത പഠനത്തിന്റെ ഭാഗമായി വിദഗ്ധരടങ്ങുന്ന സംഘം മേയർക്കും ജനപ്രതിനിധികൾക്കുമൊപ്പം സന്ദർശനം നടത്തി. അഷ്ടമുടി കായലിലെ വിവിധ കടവുകളായ കാവനാട്, സാമ്പ്രാണിക്കോടി, കോയിവില്ല അഷ്ടമുടി, പെരിങ്ങോലം, അരിനല്ലൂർ എന്നിവിടങ്ങൾ കായൽ മാർഗവും പ്രാക്കുളം, പെരുമൺ, ചിറ്റുമല എന്നീ സ്ഥലങ്ങൾ റോഡുമാർഗവുമായിരുന്നു സന്ദർശനം.
മേയർ പ്രസന്ന ഏണസ്റ്റ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയൻ, അഡ്വ. ജി. ഉദയകുമാർ, യു. പവിത്ര, ഹണി, നാറ്റ്പാക് ഡയറക്ടർ സാംസങ് മാത്യു, ചീഫ് ഓപറേറ്റിങ് ഓഫിസർ സാജൻ പി. ജോൺ, സയന്റിസ്റ്റുമാരായ അരുൺ ചന്ദ്രൻ, അനീഷ് കിണി, ഡോ. അനില സിറിൽ, ഡോ. റമീശ, ആർദ്ര എസ്. കൃഷ്ണൻ, കോർപറേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ബിജു.ഡി, അസി. എൻജിനീയർ രാജൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ഒരാഴ്ച വിവരശേഖരണം നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ആഴം അളന്ന് തിട്ടപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നാറ്റ്പാക്, വാട്ടർ മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക സാധ്യതപഠനം നടത്തി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. എം.എൽ.എമാർ, പഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരുമായി സാധ്യത പഠന റിപ്പോർട്ട് ചർച്ച ചെയ്യും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവരുമായും കൂടിയാലോചന നടത്തും. തുടർന്ന് കൗൺസിൽ അംഗീകാരത്തോടെ സർക്കാർ അനുമതിക്കായി നൽകുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

