പെരിങ്ങമ്മലയിൽ കുടിവെള്ള പ്രശ്നം തീരുന്നു
text_fieldsപാലോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പെരിങ്ങമ്മല പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. പഞ്ചായത്തിലെ പൊന്മുടി ഒഴികെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനു സമീപത്ത് ഒന്നേകാൽ ഏക്കർ സ്ഥലം പഞ്ചായത്ത് ജലസേചന വകുപ്പിന് വാങ്ങിനൽകിയിട്ട് മാസങ്ങളായി.
വഴിക്കുവേണ്ടിയുള്ള സ്ഥലം വിട്ടുകിട്ടാൻ താമസം നേരിട്ടത് പദ്ധതി വൈകിപ്പിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് ഇടപെട്ട് അതിനും പരിഹാരം കണ്ടതോടെയാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞത്. 70 സെന്റ് സ്ഥലം ട്രീറ്റ്മെന്റ് പ്ലാന്റിനും 30 സെന്റ് സ്ഥലം ടാങ്ക് സ്ഥാപിക്കുന്നതിനും 10 സെന്റ് സ്ഥലം കിണറും പമ്പിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും വേണ്ടി തമ്പുരാൻവെച്ചുണ്ടപാറക്ക് സമീപവും വാങ്ങിയിട്ടുണ്ട്.
സർക്കാറിന്റെ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 123 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള സാങ്കേതികാനുമതി നേരത്തേതന്നെ ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സഹകരണത്തിൽ നടക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിന്റെ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് എട്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചോഴിയക്കോട് അമ്മയമ്പലം മുതൽ തെന്നൂർ നരിക്കല്ലുവരെയും ഞാറനീലിമുതൽ മങ്കയം വരെയുമുള്ള പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. 3
0 വർഷമായി മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെ നിരന്തര ശ്രമങ്ങളെതുടർന്നാണ് ഇപ്പോൾ പദ്ധതി യാഥാർഥ്യമാകുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതി കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമായാൽ പെരിങ്ങമ്മല പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകും. വാമനപുരം ആറ്റിൽനിന്ന് ശേഖരിക്കുന്ന വെള്ളമാണ് പദ്ധതിയിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ഇതിനായി ദൈവപ്പുര ആറിന് സമീപത്തായിട്ടാണ് ജലസംഭരണ ടാങ്ക് സ്ഥാപിക്കുന്നത്.
നിലവിൽ പഞ്ചായത്തിൽ കുണ്ടാളംകുഴി, ഇടിഞ്ഞാർ എന്നീ രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. ഇവ രണ്ടും കാര്യക്ഷമമല്ല. കാലഹരണപ്പെട്ട പൈപ്പുകൾ പൊട്ടിയൊലിക്കുന്നത് ഈ രണ്ടു പദ്ധതികളെയും പിന്നോട്ടടിക്കുന്നു. മാസത്തിൽ പകുതിദിവസംപോലും ഈ കുടിവെള്ള പദ്ധതികളിൽനിന്ന് കുടിവെള്ളം കിട്ടാറില്ല. വേനൽ കനക്കുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ടാങ്കർ ലോറികളാണ് ഏക ആശ്രയം. പുതിയ കുടിവെള്ള പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

