ജില്ലയിൽ ഏഴ് ബ്ലോക്കുകളിൽ ജലബജറ്റ് പൂർത്തിയായി
text_fieldsകൊല്ലം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ജില്ലയിലെ ഏഴ് ബ്ലോക്കുകളിൽ ജലബജറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി പ്രകാശനം പൂർത്തിയായി. മുഖത്തല, ചടയമംഗലം, വെട്ടിക്കവല, കൊട്ടാരക്കര, ചിറ്റുമല, ശാസ്താംകോട്ട, അഞ്ചൽ എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് ജലബജറ്റ് തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചത്. കൊട്ടാരക്കര നഗരസഭയും ജലബജറ്റ് പ്രകാശനം പൂർത്തിയാക്കി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ, അഞ്ചൽ, കരവാളൂർ, അലയമൺ, ഇടമുളയ്മക്കൽ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ടിന്റെ പ്രകാശനത്തോടെയാണ് ജില്ലയിൽ ഏഴ് ബ്ലോക്കുകളിൽ ജലബജറ്റ് പൂർത്തീകരിച്ചത്.
ജലബജറ്റ് പ്രകാശനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. ജില്ലയിൽ മറ്റ് ആറ് ബ്ലോക്കുകളിലും കൊട്ടാരക്കര നഗരസഭയിലും ജലബജറ്റ് റിപ്പോർട്ട് തയാറാക്കി പ്രകാശനം നടത്തുകയും തുടർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒക്ടോബർ മാസത്തോടെ ജലബജറ്റ് റിപ്പോർട്ട് പൂർത്തീകരിക്കാനാകും എന്ന് ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ എസ്.ഐസക് പറഞ്ഞു.
ജലബജറ്റ് പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പശ്ചിമഘട്ട മേഖലയിൽ കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ, അലയമൺ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകൾ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടതാണ്. ഈ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ മുഖേന ഉപഗ്രഹ സർവ്വേയിലൂടെ നീർച്ചാലുകളുടെ മാപ്പിങ് നടത്തി തുടർ പ്രവർത്തനം നടന്നുവരികയാണ്.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനാണ് നീർച്ചാലുകളുടെ മാപ്പിങ്ങിലൂടെ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിച്ച് കുന്നിൻ മുകളിൽ നിന്നും താഴേക്കുള്ള നിർച്ചാലുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നത്. മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ മാപ്പുകളുടെ കൈമാറലും ജലബജറ്റ് പ്രകാശന ചടങ്ങിൽ നടത്തുകയുണ്ടായി. ജലബജറ്റിന്റെ അടിസ്ഥാനത്തിൽ ജലസുരക്ഷയിലേക്കുള്ള കാമ്പയിന്റെ ഭാഗമായി കിണർ റീചാർജിങ് ഉൾപ്പെടെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുകയാണ്. ഇനിയും തയാറാക്കാനുള്ള ഇത്തിക്കര, പത്തനാപുരം, ഓച്ചിറ, ചവറ ബ്ലോക്കുകളിലേയും കൊല്ലം കോർപറേഷൻ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി നഗരസഭയിലും ജലബജറ്റ് തയ്യാറാക്കുന്ന പ്രവർത്തനം പൂർത്തിയാക്കി ജലസുരക്ഷയിലേക്കുള്ള കാമ്പയിൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാനാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

