വിസ തട്ടിപ്പും വാഹനമോഷണവും; മുഖ്യപ്രതിയുടെ വീടിനു മുന്നിൽ കൈക്കുഞ്ഞുമായി പ്രതിഷേധം
text_fieldsപത്തനാപുരം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും ഒ.എൽ.എക്‌സിലെ പരസ്യം മറയാക്കി കാറും തട്ടിയെടുത്തെന്ന കേസിലെ പ്രതിയുടെ വീടിന് മുന്നിൽ പരാതിക്കാരുടെ പ്രതിഷേധം. മുഖ്യ പ്രതി മഞ്ചള്ളൂർ സ്വദേശിയുടെ വീടിന് മുന്നിലാണ് മലപ്പുറത്തു നിന്നും കൈക്കുഞ്ഞുമായി എത്തിയ കുടുംബം ഉൾപ്പെടെ പ്രതിഷേധിച്ചത്.
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ കെ.വി. കാവ് അമ്പനാടത്ത് ഹൗസിൽ മിസ്ഹബ് മുഹമ്മദും ഭാര്യ അഫ്സത്തും മക്കളായ അയ്മനും(6) ഐറിനുമായി (3) പ്രതിഷേധത്തിന് എത്തിയത്. രണ്ടു വർഷം മുമ്പ് കാർ തട്ടിയെടുത്ത കേസിന്‍റെ പേരിലായിരുന്നു പ്രതിഷേധം. പിന്നാലെ വിസ തട്ടിപ്പ് ഉന്നയിച്ച് മറ്റൊരു പരാതിക്കാരിയും മുഖ്യപ്രതിയായ മഞ്ചള്ളൂർ മുകളിൽ കിഴക്കെതിൽ (അൻസിൽ മൻസിലിൽ) അൻസിൽ ഹബീബിന്‍റെ വീടിന് മുന്നിൽ എത്തി.
ഒ.എൽ.എക്‌സിൽ വാഹനം വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാണ് മിസ്ഹബുമായി കേസിലെ മുഖ്യപ്രതി അൻസിൽ ഹബീബ് ഫോണിൽ ബന്ധപ്പെട്ടത്. താൻ ദുബൈയിൽ ആണെന്നും വണ്ടി കാണാൻ ഒരു സുഹൃത്തിനെ അയക്കുമെന്നും അൻസിൽ മിസ്ഹബിനെ വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് വാഹനം മലപ്പുറത്തു നിന്നും ആലുവയിൽ എത്തിക്കാൻ നിർദേശിച്ച അൻസിൽ ചെലവിനായി 2000 രൂപ അഫ്സത്തിന് ഗൂഗിൾപെ ചെയ്തു നൽകുകയും ചെയ്തു. 2023 ജൂലൈ 25ന്കാറുമായി മിസ്ഹബ് ആലുവയിലെത്തി. അൻസിൽ പറഞ്ഞതനുസരിച്ച് എത്തിയ എറണാകുളം സ്വദേശി ഫെബിൻ ഫ്രാൻസിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് പറഞ്ഞ് കാർ തട്ടിയെടുത്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആലുവ പൊലീസ് കേസെടുത്തിരുനു. കേസ് ഇപ്പോൾ കോടതി പരിഗണനയിലാണ്. ഇതിനു ശേഷം അൻസിലിനെ പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അസഭ്യവർഷമായിരുന്നു മറുപടി എന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് വർഷമായിട്ടും നടപടികൾ എങ്ങു മെത്താതായതോടെയാണ് മിസ്ഹബ് കുടുംബവുമായെത്തി അൻസിലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്.
ഇതറിഞ്ഞാണ് അൻസിൽ വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം തട്ടിയെടുത്തെന്ന പരാതിയുമായി മറ്റൊരു വീട്ടമ്മയും പ്രതിഷേധത്തിന് എത്തിയത്. പത്തനാപുരം നെടുംപറമ്പ് കൊന്നയിൽ വീട്ടിൽ താജ്നിസയാണ് മലപ്പുറത്തു നിന്ന് എത്തിയവർക്കൊപ്പം പ്രതിഷേധിച്ചത്. സൗദിയിലേക്ക് മകന് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. താജ്നിസയുടെ മകൻ അമൽ കെ. അബുവിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കളുടേതുൾപ്പെടെ നാലര ലക്ഷം രൂപയാണ് അൻസിൽ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയത്. 2019 ലായിരുന്നു ഇത്. വിസ കിട്ടാതെ വന്നതോടെ കുടുംബം 2022 ഒക്ടോബർ 18ന് അൻസിലിനെതിരെ പത്തനാപുരം പൊലീസിലും പരാതി നൽകി. വിവിധ സ്റ്റേഷനുകളിൽ അൻസിലിന്റെ പേരിൽ നിരവധി കേസുകളുണ്ടെന്നാണ് ആരോപണം. അൻസിൽ വിദേശത്താണെന്നാണ് സൂചന. അൻസിലിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ചവരെ പിന്നീട് പൊലീസ് എത്തി നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

