വൈറൽ പനി പടരുന്നു; ഒപ്പം ഡെങ്കി വ്യാപനവും
text_fieldsകൊല്ലം: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ വൈറൽപനിയും ഡെങ്കിയും വ്യാപിക്കുന്നു. സാംക്രമിക രോഗങ്ങൾ ജില്ലയിൽ പടരുമ്പോഴും പ്രതിരോധം തീർക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ജില്ലയുടെ മിക്കയിടങ്ങളിലും കൊതുകുനിർമാർജന പരിപാടികൾ നടപ്പായിട്ടില്ല.
പനിയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സതേടുന്നവരുടെ എണ്ണം ദിനേന വർധിച്ചുവരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ജില്ലയിൽ ലക്ഷണവുമായി എത്തിയ 17പേർക്കും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 59 വയസ്സുള്ള തലവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയൽജില്ലയായ ആലപ്പുഴയുൾപ്പെടെ കോവിഡ് കേസുകൾ വർധിക്കുമ്പോഴും ആരോഗ്യപ്രവർത്തകരുടെ നിസ്സംഗത തുടരുകയാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ പനിയുടെ ലക്ഷണങ്ങളുമായി 11,686 പേരാണ് ഒ.പിയിൽ ചികിത്സ തേടിയത്. ഇതിൽ 244 പേർ സർക്കാറിന്റെ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സ തേടി. ഡെങ്കി ലക്ഷണങ്ങളുമായി എത്തിയ 225 പേരിൽ 128 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വൈറൽപനിയുമായി എത്തുന്നവരിലും ഡെങ്കി സ്ഥിരീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
കൂടാതെ ജില്ലയിൽ രണ്ടുമാസത്തിനിടെ 135 പേരാണ് മഞ്ഞപ്പിത്തം ബാധിച്ചും ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അതിൽ രണ്ട് സഹോദരിമാർ രോഗം മൂർച്ഛിച്ച് മരണപ്പെട്ടു. ഏപ്രിലിൽ മത്രം 31 പേർക്ക് ഡെങ്കിപ്പനിയും ഏഴുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ കൊതുക് പെരുകുകയാണ്. ദിവസേന പനിബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രക്തപരിശോധനയിലൂടെയേ ഡെങ്കിപ്പനി സ്ഥിരീകരിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സ തേടാത്തത് രോഗം ഗുരുതരമാക്കുന്നു.
നീണ്ടുനിൽക്കുന്ന പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഏതൊക്കെ പനികളാണ് പടരുന്നതെന്ന് കണ്ടെത്തി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം. സ്വയംചികിത്സിക്കാതെ ഡോക്ടറുടെ നിർദേശം തേടേണ്ടതുമാണ്. പലർക്കും ഡോക്ടർമാർ രക്തപരിശോധന ഉൾപ്പെടെ നിർദേശിക്കുന്നുണ്ടെങ്കിലും കൂടുതൽപേരും ഇത് നിരസിക്കുകയാണ്.
മഴയും വെയിലും മാറിയെത്തുന്നതോടെ ശുദ്ധജല സ്രോതസ്സുകളിൽ മലിനജലം കലരാനുള്ള സാധ്യതയേറെയാണ്. കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. കിണറുകൾ, ടാങ്കുകൾ എന്നിവയെല്ലാം കൊതുക് കയറാത്തവിധം വലയുപയോഗിച്ച് സംരക്ഷിക്കണം.
കഴിഞ്ഞമാസം പനിലക്ഷണങ്ങളുമായി 16,082 പേരാണ് ഒ.പിയിൽ ചികിത്സ തേടിയത്. ഇതിൽ 377പേർ സർക്കാറിന്റെ വിവിധ ആശുപത്രികളിൽ അഡ്മിറ്റായി. ഡെങ്കി ലക്ഷണങ്ങളുമായി എത്തിയ 753 പേരിൽ 230പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഡെങ്കിപ്പനി വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ചവറ കലക്കോട്, ആദിച്ചനല്ലൂർ, ചാത്തന്നൂർ, നെടുമ്പന, കുളക്കട, എസ്.എൻ പുരം, കുണ്ടറ, പേരയം, മൈനാഗപ്പള്ളി, പാലത്തറ, തൃക്കോവിൽവട്ടം, മയ്യനാട്, ഇരവിപുരം, ശൂരനാട്, ശൂരനാട് സൗത്ത്, കിളികൊല്ലൂർ, വാടി എന്നിവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
പ്രതിരോധത്തിന് ഇവ ശ്രദ്ധിക്കുക
കോവിഡ് ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടനടി ചികിത്സതേടുകയും മുൻകരുതലെടുക്കേണ്ടതുമാണ്. യാത്രകളിലും മറ്റും മാസ്ക് ധരിക്കുന്നത് രോഗവ്യാപനം തടയും. വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. ചുരുങ്ങിയത് 10 മിനിറ്റെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തുപയോഗിക്കരുത്. കിണറുകളും കുടിവെള്ള സ്രോതസുകളും നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

