ജില്ലയിൽ പകർച്ചപ്പനി വ്യാപകം; പ്രതിരോധം പാളുന്നതായി ആക്ഷേപം
text_fieldsകൊല്ലം: കാലവർഷം ആരംഭിച്ചതിന് പിന്നാലെ ജില്ലയിൽ പകർച്ചപ്പനിയും വ്യാപകമാകുന്നു. കോവിഡുൾപ്പെടെ നിരവധി കേസുകളാണ് ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ മാത്രം 18,840 പേരാണ് ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ചെത്തിയത്. ഇതിൽ പനി രൂക്ഷമായതിനെതുടർന്ന് 1220 ഓളം പേരെ വിവിധ അഡ്മിറ്റ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞമാസം 80 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും പലരും കൃത്യമായി പരിശോധനക്ക് തയാറാകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
വൈറൽപനിയാണ് കൂടുതലും പടരുന്നത്. തെന്മല, മയ്യനാട്, നെടുമൺകാവ്, അഞ്ചൽ, ചിറക്കര, ചാത്തന്നൂർ, കുളത്തൂപ്പുഴ, ഇരവിപുരം, ചടയമംഗലം, മാങ്കോട് പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്നുണ്ട്. ജൂണിൽ ജില്ലയിൽ 374പേർ ഡെങ്കിയുടെ ലക്ഷണവുമായി ചികിത്സ തേടിയതിൽ 111 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തൊടിയൂർ, നെടുമ്പന പ്രദേശങ്ങളിൽ മലേറിയയും റിപ്പോർട്ട് ചെയ്തിരുന്നു. ദിവസവും ആയിരത്തിലേറെപ്പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.
സാംക്രമിക രോഗങ്ങളുൾപ്പെടെ ജില്ലയിൽ പടരുമ്പോഴും പ്രതിരോധം തീർക്കുന്നതിൽ അധികൃത അനാസ്ഥയുണ്ടെന്ന ആക്ഷേപവുമുണ്ട്. ജില്ലയുടെ മിക്കയിടങ്ങളിലും കൊതുകു നിർമാർജന പരിപാടികൾ ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞദിവസം നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലും കൊതുകുനിവാരണവിഷയമുയർന്നിരുന്നു. അടിയന്തരമായി പരിഹരിക്കുമെന്നാണ് സ്ഥിരം സമിതി അധ്യക്ഷ നൽകിയ മറുപടി. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും കൊതുകുശല്യം രൂക്ഷമാണ്.
രക്തപരിശോധനയിലൂടെയേ ഡെങ്കിപ്പനി സ്വീകരിക്കാനാകൂ. അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സ തേടാത്തത് രോഗം ഗുരുതരമാക്കുന്നു. നീണ്ടുനിൽക്കുന്ന പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സ്വയംചികിത്സ നൽകാതെ ഡോക്ടറുടെ നിർദേശം തേടണം.
പലർക്കും ഡോക്ടർമാർ രക്തപരിശോധന ഉൾപ്പെടെ കുറിച്ചുനൽകുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും ഇത് നിരസിക്കുകയാണ്. മഴയും വെയിലും മാറിയെത്തുന്നതോടെ ശുദ്ധജല സ്രോതസ്സുകളിൽ മലിനജലം കലരാനുള്ള സാധ്യതയേറെയാണ്. കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം. മഴക്കാലമായതിനാൽ കിണറുകൾ, ടാങ്കുകൾ എന്നിവയെല്ലാം കൊതുക് കയറാത്തവിധം വലയുപയോഗിച്ച് സംരക്ഷിക്കുകയാണ് വലിയ പ്രതിരോധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

