വന്ദന ദാസ് കൊലക്കേസ്: ആക്രമണദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു
text_fieldsകൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല ചെയ്യപ്പെട്ട ദിവസത്തെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വന്ദന ആശുപത്രിയുടെ പോർച്ചിന് സമീപമെത്തി കുഴഞ്ഞുവീഴുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഫോറൻസിക് വിദഗ്ധ ഗോപിക കോടതിയിൽ തിരിച്ചറിഞ്ഞു.
കൂടാതെ കാഷ്വൽറ്റി കൗണ്ടറിനു സമീപം വെച്ച് പ്രതി പൊലിസ് യൂനിഫോമിലുണ്ടായിരുന്നയാളുടെ തലയിൽ കുത്തി മുറിവേൽപ്പിക്കുന്ന ദൃശ്യവും കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ നടന്ന വിസ്താരത്തിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ, സാക്ഷിയായ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മണി ലാലിനെ വിസ്തരിച്ച സമയം കാഷ്വൽറ്റി കൗണ്ടറിനുസമീപം വെച്ച് പ്രതി തന്റെ തലയിൽ ആഞ്ഞ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി നൽകിയിരുന്നു. അത് ശരിവെക്കുന്ന തരത്തിലുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങളാണ് ബുധനാഴ്ച കോടതിയിൽ പ്രദർശിപ്പിച്ചത്. മൂന്നുദിവസമായി തുടരുന്ന ഫോറൻസിക് വിദഗ്ധയുടെ സാക്ഷിവിസ്താരം വെള്ളിയാഴ്ചയും തുടരും.
പ്രതിയെ പൊലീസുകാരും ആംബുലൻസ് ഡ്രൈവറും മറ്റും ചേർന്ന് കീഴടക്കി കൈകാലുകൾ ബന്ധിച്ച് ഹോസ്പിറ്റലിലെ പോർച്ചിൽ കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും വിചാരണവേളയിൽ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

