നേർവഴിയില്ലാതെ വാലുപറമ്പുകാർ; ചുറ്റേണ്ടത് 10 കിലോമീറ്റർ
text_fieldsപുനലൂർ: സുരക്ഷിതമായും എളുപ്പത്തിലും സഞ്ചരിക്കാൻ വഴിയില്ലാതെ തെന്മല പഞ്ചായത്തിൽ വനമധ്യേയുള്ള വാലുപറമ്പിൽ 12ഓളം കുടുംബങ്ങൾ ദുരിതത്തിൽ. വഴിക്കായി കഴിഞ്ഞദിവസം തെന്മല പഞ്ചായത്ത് അംഗം നാഗരാജിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾ ദേശീയപാത ഉപരോധിച്ചിരുന്നു. സമരത്തെ തുടർന്ന് റവന്യൂ, പൊലീസ് അധികൃതർ ഇടപെട്ടിട്ടും വഴി തുറന്നുനൽകാൻ സ്വകാര്യ എസ്റ്റേറ്റ് അധികൃതർ തയാറായിട്ടില്ല. 1960ൽ താമസം തുടങ്ങി എഴുപതിൽ പട്ടയം ലഭിച്ച ഭൂമിയാണ് ഇവിടുള്ളത്. മുമ്പ് മുപ്പതോളം കുടുംബക്കാർ താമസം ഉണ്ടായിരുന്നു. വഴിയില്ലാത്തതിനാൽ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാൻ കഴിയാത്തതിനാൽ ഇവർ താമസം മാറി. ഇവിടെത്താൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ അടുത്തിടെ രണ്ടുപേർ വൈദ്യ സഹായം ലഭിക്കാതെ മരിക്കാനും ഇടയാക്കി. ദേശീയപാതയിൽനിന്ന് കഴുതുരുട്ടി ചുടുകട്ടപാലത്തിനടുത്തുകൂടി കൂടി സ്വകാര്യ റബർ എസ്റ്റേറ്റിലൂടെ വാലുപറമ്പിലേക്ക് വഴിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, എസ്റ്റേറ്റ് അധികൃതർ വഴി നൽകാൻ തയാറല്ല. എസ്റ്റേറ്റിൽ നിലവിലുള്ള വഴി ഇവർക്കുകൂടി തുറന്നുകൊടുത്താൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. ഇതില്ലാത്തതിനാൽ താമസക്കാർ കഴുതുരുട്ടിയിൽനിന്ന് പത്തോളം കിലോമീറ്റർ യാത്ര ചെയ്താണ് വാലുപറമ്പിൽ എത്തേണ്ടത്. ഈ വഴിയാകട്ടെ വനത്തിലൂടെ ആയതിനാൽ വന്യമൃഗഭീഷണിയടക്കം നേരിടേണ്ടിവരുന്നു. സുരക്ഷിതമായ എളുപ്പവഴിയില്ലാത്തതിനാൽ ഇവിടുള്ളവർ പഞ്ചായത്ത് വില്ലേജ്, റേഷൻ കട, ആശുപത്രി തുടങ്ങിയ അത്യാവശ്യങ്ങൾ പോകേണ്ടതിനും ജീപ്പിന് 1000 രൂപ വരെ കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. ആർ.ഡി.ഒ നിർദേശത്തെ തുടർന്ന് തെന്മല വില്ലേജ് ഓഫിസർ എ.എച്ച്. ഷാജഹാൻ സ്ഥലം സന്ദർശിച്ച് താമസക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിെന്റ റിപ്പോർട്ട് ഉടൻ പുനലൂർ തഹസിൽദാർക്കും ആർ.ടി.ഒക്കും കൈമാറുമെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.
വില്ലേജ് ഓഫിസർ തെന്മലയിൽനിന്ന് ജീപ്പിൽ കഴുതുരുട്ടി നെടുമ്പാറ വഴി വാലുപറമ്പിലെത്തി. പിന്നെ ഇവിടെനിന്ന് ദേശീയപാതയിൽ എത്തുന്ന ഒരു കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് എസ്റ്റേറ്റിന്റെ അതിർത്തിയിൽ നിർമിച്ചിരിക്കുന്ന മതിൽകെട്ട് പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

