റെയിൽവേ സ്റ്റേഷൻ കെട്ടിട നിർമാണം; ഇരുമ്പുകമ്പി വീണ് യാത്രക്കാർക്ക് പരിക്ക്
text_fieldsകൊല്ലം റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് യാത്രക്കാരുടെ ദേഹത്തേക്ക് വീണ കമ്പി, അപകടത്തിന് കാരണമായ പണി നടക്കുന്ന ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തെ കെട്ടിടം
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് ഇരുമ്പുകമ്പി വീണ് യാത്രക്കാരുടെ തലപൊട്ടി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരൻ കൊല്ലം, നീരാവിൽ മേലേപുത്തൻവീട് സുധീഷ്(40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി മേത്തറയിൽ ആശലത (52) എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 9.45ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് സ്റ്റേഷനിലേക്ക് കടന്നുവരുമ്പോൾ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ഇരുവരുടെയും തലയിലേക്ക് ഇരുമ്പു കമ്പി പതിക്കുകയായിരുന്നു.
സമീപത്ത് നിർമാണം നടക്കുന്ന റെയിൽവേയുടെ പ്രധാന കെട്ടിടത്തിന്റെ നാലാം നിലയിൽ വാർപ്പിന് താങ്ങായി സ്ഥാപിച്ച ഇരുമ്പ് തൂണുകൾ അഴിച്ച് മാറ്റുമ്പോഴാണ് അതിലൊന്ന് താഴെ പ്ലാറ്റ് ഫോമിൽ പതിച്ചത്. കെട്ടിടത്തിന്റെ ഷൈയ്ഡിൽ നിന്ന് കൂറ്റൻ ഇരുമ്പ് കമ്പികൾ അഴിച്ചുമാറ്റുന്നതിനിടെ നിർമാണതൊഴിലാളിക്ക് ബാലൻസ് തെറ്റിയതാണ് നാലിലധികം കമ്പികൾ ഒന്നിച്ച് താഴേക്ക് പതിക്കാനിടയായത്.
1. പരിക്കേറ്റ സുധീഷിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നു 2. പരിക്കേറ്റ ആശാലത ജില്ലാ ആശുപത്രിയിൽ
സേഫ്റ്റി ബൽറ്റ് ധരിച്ചിരുന്നതിനാലാണ് തൊഴിലാളി താഴേക്ക് വീഴാതിരുന്നത്. എന്നാൽ സുരക്ഷക്കായി തൊട്ട് താഴെ കെട്ടിയിരുന്ന വല ഉൾപെടെ കമ്പികൾ നിലത്തേക്ക് പതിച്ചു. ഇതിലൊരു കമ്പി താഴെ വലിച്ചുകെട്ടിയിരുന്ന മറ്റൊരു കമ്പിയിൽ തട്ടി ദിശതെറ്റി പ്ലാറ്റ് ഫോമിലേക്കാണ് വീണത്. ഇതാണ് പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിൽ പതിച്ചത്. ആയം കുറഞ്ഞ് വീണതിനാലാണ് പരിക്കേറ്റവരുടെ തലപൊട്ടി പിളരാതിരുന്നത്.
പരിക്കേറ്റ ഇരുവരെയും ഓട്ടോറിക്ഷയിൽ അപ്പോൾ തന്നെ റെയിൽവേ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വേണ്ടത്ര സുരക്ഷയൊരുക്കാതെയുള്ള നിർമാണ രീതിയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. മൈനാഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ് പരിക്കേറ്റ ആശലത. സാരമായി പരിക്കേറ്റ സുധീഷിനെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

