പോക്സോ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅർഷ്, സിയാദ്
കണ്ണനല്ലൂർ: പോക്സോ കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച രണ്ടുപേർ അറസ്റ്റിലായി. പോക്സോ കേസിലെ പ്രതി അർഷ് (21), സിയാദ് (31) എന്നിവരാണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.
2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രതിയും ബന്ധുവുമാണ് അറസ്റ്റിലായത്. കേസിലെ പ്രധാന സാക്ഷിയായ 14 വയസ്സുകാരനായ കുട്ടിയെയാണ് പൊതുവഴിയിൽ തടഞ്ഞുനിർത്തി കേസിന്റെ വിചാരണയിൽ പ്രതിക്കെതിരായി മൊഴി കൊടുത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചത്. കുട്ടിയുടെ മൊഴിയിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
കേസിന്റെ വിചാരണ കൊല്ലം പോക്സോ കോടതിയിൽ നടക്കാനിരിക്കെയാണ് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചത്. പ്രതി കേസിൽ കോടതിജാമ്യത്തിലായിരുന്നു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികൾ ചെയ്യുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു.

