പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതിക്കെതിരെ നടപടി
text_fieldsജെറി
കൊല്ലം: പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമം കാണിച്ച് നാശനഷ്ടം ഉണ്ടാക്കിയ പ്രതിക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. മീനത്ത്ചേരി ആൻസിൽ ഭവനിൽ ജെറി(30)ക്കെതിരെ ശക്തികുളങ്ങര പൊലീസാണ് നടപടി സ്വീകരിച്ചത്. കാവനാട് അമ്മൂസ് ബ്യൂട്ടി പാർലറിൽ മദ്യലഹരിയിലെത്തിയ പ്രതി ബോർഡ് നശിപ്പിക്കുകയും ജോലിക്കാരായ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവരം ശക്തികുളങ്ങര സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് അക്രമാസക്തനായത്. സ്റ്റേഷനിൽ ജി.ഡി ചാർജിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യംപറഞ്ഞ് ആക്രമിക്കുകയും മോശപ്പുറത്ത് ഇട്ടിരുന്ന ഗ്ലാസും സി.സി.ടി.വിയുടെ മോണിറ്ററും രണ്ട് കസേരകളും തല്ലിത്തകർക്കുകയും ചെയ്തു.
തുടർന്ന് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരും എത്തി ഇയാളെ തടഞ്ഞതുകൊണ്ടാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരുന്നത്. 15000 രൂപയുടെ നാശനഷ്ടമാണ് ഇയാൾ വരുത്തിയത്. തുടർന്ന് ഇയാൾക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എസ്.ഐ മാരായ വിനോദ്, ഷാജഹാൻ, എ.എസ്.ഐമാരായ പ്രദീപ്, ഡാർവിൻ, അനിൽ, സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.