കൊല്ലത്ത് മരങ്ങൾ അപകടാവസ്ഥയിൽ; ഇനിയും മനുഷ്യരെ കൊലക്ക് കൊടുക്കരുത് സർ...
text_fieldsകുണ്ടറ മുക്കടയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുസമീപം അപകടകരമായ നിലയിൽ
ഉണങ്ങിനിൽക്കുന്ന പാലമരം
കൊല്ലം: ബസ് സ്റ്റോപ്പിൽ െവച്ച് മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 കാരിയായ വിദ്യാർഥിയുടെ മരണം ചോദ്യമുയർത്തുന്നത് ഇന്നാട്ടിലെ ഭരണസംവിധാനത്തോടാണ്, ഇനിയെങ്കിലും അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാമോ? പലയിടങ്ങളിലും കൊമ്പ് ഉണങ്ങിയും ചുവട് ദ്രവിച്ചുമൊക്കെ മരങ്ങൾ നിൽക്കുന്നത് വ്യക്തമായ അപകടഭീഷണിയുയർത്തുമ്പോഴും അവ മുറിച്ചുനീക്കാൻ നടപടിയുണ്ടാകാറില്ല.
ജനം പരാതിയുമായി കയറിയിറങ്ങിയാലും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന് കലക്ടർ നൽകിയ നിർദേശം തദ്ദേശസ്ഥാപനങ്ങൾ പോലും പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
കഴിഞ്ഞ ജൂലൈ ആറിന് കൊല്ലം ജില്ല ജയിലിന് എതിർവശത്തുള്ള ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് ശരീരത്തിൽ പതിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവ്യാപാരി ഒക്ടോബർ നാലിന് മരിച്ചിരുന്നു. തുടർച്ചയായ മഴയിൽ കുതിർന്നുനിന്ന മരക്കൊമ്പാണ് ആ അപകടമുണ്ടാക്കി ഒടിഞ്ഞുവീണത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കൊല്ലം പ്രതിഭ ജങ്ഷനിൽ റോഡരികിൽ നിന്ന വൻ ആൽമരം റോഡിന് കുറുകെ പിഴുതുവീണ അപകടത്തിൽനിന്ന് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്. ശിഖരങ്ങൾ വീശിയടിച്ച് ചെറിയ രീതിയിൽ പരിക്കേറ്റ് പലരും രക്ഷപ്പെടുകയായിരുന്നു.
കൊല്ലം പോളയത്തോട് ബസ് സ്റ്റോപ്പിന് സമീപം നിൽക്കുന്ന മരം
മഴക്കാലത്ത് ഇത്തരത്തിൽ മരങ്ങൾ വീഴുന്നത് പതിവാകുമ്പോഴും നടപടി വൈകുന്നതാണ് ജീവൻ നഷ്ടമാകുന്നതിലേക്ക് നയിക്കുന്നത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ അധികൃതർ കണ്ണുതുറക്കണമെന്ന അപേക്ഷയാണ് നാട്ടുകാർക്ക് ഉള്ളത്.
കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് സമീപത്തെ വന്മരങ്ങള് അപകടഭീഷണി
കുണ്ടറ: കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്ക് സമീപം നില്ക്കുന്ന വന്മരങ്ങള് അപകട ഭീഷണി ഉയര്‍ത്തുന്നു. മിക്ക ബസ് സ്റ്റോപ്പുകളിലും തണലായി ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ആശ്വാസമാണ് മരങ്ങളെങ്കിലും അരനൂറ്റാണ്ടിലധികം പ്രായമുള്ള മരങ്ങളും മരങ്ങളിലെ ഉണങ്ങിയ മരച്ചില്ലകളുമാണ് മിക്കപ്പോഴും അപകടകാരികള്‍.
കുണ്ടറ മുക്കടയില്‍ പേരയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് എതിര്‍വശം റെയില്‍വേ പുറമ്പോക്കില്‍ നില്ക്കുന്ന കൂറ്റന്‍ പാലമരം പാതി ഉണങ്ങിയ നിലയിലാണ്. ഇതിന്റെ ഭാഗങ്ങള്‍ കുറച്ച് ഇതിനകം താെഴ വീണിട്ടുണ്ട്. റെയില്‍വേ പുറമ്പോക്കിലാണ് മരം എന്നതിനാല്‍ അത് മുറിച്ചുമാറ്റുന്നതിന് കടമ്പകള്‍ ഏറെയാണ്.
അഞ്ചാലുംമൂട് കോർപറേഷൻ മൈതാനിക്കുമുന്നിൽ അപകടഭീഷണിയായി ഉണങ്ങിനിൽക്കുന്ന മരം
മരം റോഡിലേക്ക് വീണാല്‍ അതിന് മുന്നിലുള്ള കടകളും ബസ് കാത്തുനില്‍ക്കുന്നവരും ഓട്ടോകളും അപകടത്തിൽപെടും. റെയില്‍വേഗേറ്റ് അടച്ചിടുന്ന സമയമാണെങ്കില്‍ അപകടത്തിന്റെ തീവ്രതയും വ്യാപ്തിയും വർധിക്കുകയും ചെയ്യും. തങ്ങള്‍ക്കിതിലൊന്നും ചെയ്യാനില്ലെന്ന മട്ടാണ് പഞ്ചായത്ത് അധികൃതര്‍ക്ക്.
ഇത് അപകട തണൽ
ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽമുക്ക് മുതൽ ഐ.ഡി.എസ് മുകളുംപുറം വരെ റോഡരികിൽ നിൽക്കുന്ന തണൽമരങ്ങൾ ഉയർത്തുന്നത് വലിയ അപകട ഭീഷണി. വർഷങ്ങൾക്ക് മുമ്പ് സാമൂഹിക വനവത്കരണ പദ്ധതി പ്രകാരം നട്ട മരങ്ങളാണ് ഇത്. റോഡരികിൽ ഏത് സമയവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മരങ്ങൾ. നിരവധി മരങ്ങൾ ഇത്തരത്തിൽ മറിഞ്ഞ് വീണിട്ടുണ്ട്.
മൈനാഗപ്പള്ളി മിലാദേ ഷെരീഫ് സ്കൂളിന് മുന്നിലും ഇത്തരത്തിൽ നിരവധി മരങ്ങൾ ഉണ്ട്. കുറ്റിയിൽമുക്കിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്ത് നിൽക്കുന്ന കൂറ്റൻ ബദാം മരത്തിന്റെ ചുവട് ദ്രവിച്ച് ഏത് സമയവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ശാസ്താംകോട്ട ജങ്ഷനിൽ നൂറുകണക്കിന് വിദ്യാർഥികളും മറ്റുള്ളവരും ബസ് കാത്തുനിൽക്കുന്നതും മരച്ചുവട്ടിലാണ്. കൂറ്റൻ വാകമരത്തിന്റെ ചില്ല വീണ് യാത്രക്കാർക്ക് അപകടം പറ്റാനും സാധ്യത ഏറെയാണ്.
ഓടനാവട്ടം-നെടുമൺകാവ് പാതയിൽ അപകടകരമായി നിൽക്കുന്ന മരം
ഓടനാവട്ടം-നെടുമൺകാവ് റൂട്ടിലും അപകട ഭീഷണി
ഓയൂർ: ഓടനാവട്ടം-നെടുമൺകാവ് റൂട്ടിൽ ഏതുനിമിഷവും കടപുഴകി വീഴാൻ സാധ്യതയുമായി ഒരു മരം നിൽക്കുന്നുണ്ട്. എതിരംകോട് കാവിന് എതിർവശത്തായിട്ടാണ് അപകടകരമായി മരം ചാഞ്ഞുനിൽക്കുന്നത്. ഇതുവഴി വാഹനങ്ങളുടെ വലിയ തിരക്കാണ്.
മതിലിനോട് ചേർന്ന് നിൽക്കുന്ന മരം കടപുഴകിയാൽ റോഡിലേക്ക് തന്നെയാണ് പൂർണമായും വീഴാൻ സാധ്യത. ഇതുവഴി നടന്നാണ് വിദ്യാർഥികൾ ഓടനാവട്ടം, മുട്ടറ സ്കൂളുകളിലേക്ക് പോകുന്നത്. അടിയന്തരമായി ഈ മരം മുറിച്ചുമാറ്റാൻ അധികൃതർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയ പാതയോരത്തുമുണ്ട് ഭീഷണി
ഇരവിപുരം: ദേശീയപാതക്കരികിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണിയുയർത്തുന്നു.
കൊല്ലം പോളയത്തോട് മാർക്കറ്റിന് മുന്നിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് ഏതുസമയവും ഒടിഞ്ഞുവീഴാവുന്ന നിലയിൽ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരം നിൽക്കുന്നത്. ഇവിടെ മരച്ചില്ലകൾ പലപ്പോഴും ഒടിഞ്ഞുവീഴാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകടനിലയിലുള്ള മരം മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ കോർപറേഷൻ അധികൃതരെ സമീപിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. നിരവധിപേർ ബസ് കയറാൻ നിൽക്കുന്ന സ്ഥലത്താണ് അപകടനിലയിൽ മരം നിൽക്കുന്നത്. ദേശീയപാതക്കരികിൽ തട്ടാമല സ്കൂൾ വളപ്പിലും കൂറ്റൻ മരം അപകടകരമായി നിൽക്കുന്നുണ്ട്. അടുത്തിടെ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റിയെങ്കിലും മരം പൂർണമായും മുറിച്ചുമാറ്റണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

