അയത്തിൽ ജങ്ഷനിൽ ഗതാഗത കുരുക്ക് രൂക്ഷം; ആംബുലൻസുകൾ അടക്കം സർവീസ് റോഡിൽ കുരുങ്ങിക്കിടക്കുന്നു
text_fieldsഅയത്തിൽ ജംഗ്ഷനിൽ കണ്ണനല്ലൂർ റോഡിൽവാഹനങ്ങൾ കുരുങ്ങി കിടക്കുന്നു
ഇരവിപുരം: സംസ്ഥാന ഹൈവേയിലുള്ള അയത്തിൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും കണ്ണുതുറക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഏതാനും ദിവസങ്ങളായി മണിക്കൂറുകളോളം നീളുന്ന കുരുക്കിൽ പെട്ട് വാഹന യാത്രക്കാർ വലയുകയാണ്. ശനിയാഴ്ച രാവിലെ ഉണ്ടായ കുരുക്ക് ഉച്ചവരെ നീണ്ടു. കൊല്ലം ആയൂർ സംസ്ഥാന ഹൈവേ ബൈപ്പാസ് മുറിച്ചു കടന്നുപോകുന്ന ഭാഗമാണ് അയത്തിൽ.
ദേശീയപാത പുനർനിർമാണ ഭാഗമായി അയത്തിൽ ജംഗ്ഷനിൽ ഉയരപ്പാതയ്ക്ക് വേണ്ടി മേൽപ്പാലം നിർമിച്ചെങ്കിലും പാലത്തിനടിയിലൂടെ സംസ്ഥാന ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടാൻ വേണ്ടിപാലം തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറാകാത്തതിനാലാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
സംസ്ഥാന ഹൈവേക്ക് വേണ്ടി മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയായ കല്ലുംതാഴം,പാലത്തറ, മേവറം, കൊട്ടിയം, ചാത്തന്നൂർ പാരിപ്പള്ളി എന്നിവിടങ്ങളിൽ പാലങ്ങൾക്കടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലും നിർമ്മാണം പൂർത്തിയായി കിടക്കുന്ന പാലത്തിനടിയിലൂടെ സംസ്ഥാന ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടുന്നതായി കാട്ടി ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ജില്ലാ കലക്ടർക്കും ഹൈവേ അതോറിറ്റിക്കും നിവേദനം നൽകിയിട്ടുണ്ട്.
പാലം തുറക്കാത്തതിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നിട്ടുണ്ട്. ബസ്സുകൾ കുരുക്കിൽ പെട്ട് കിടക്കുന്നതിനാൽ ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണ്. കണ്ണനല്ലൂർ ഭാഗത്ത് നിന്നും കൊല്ലത്തേക്ക് വരുന്ന ബസ്സുകൾക്ക് കൊല്ലത്ത് പോയി മടങ്ങാനാവാതെ വഴിയിൽ സർവീസ് നിർത്തിവെച്ച് തിരികെ പോരേണ്ട സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. മെഡിട്രീന, മെഡിസിറ്റി, എൻ.എസ് സഹകരണ ആശുപത്രി, അഷ്ടമുടി ആശുപത്രി തുടങ്ങി നാല് പ്രമുഖ ആശുപത്രികൾ ഉള്ള ബൈപ്പാസ് റോഡിൽ കുരുക്ക് രൂക്ഷമായതോടെ വീതി കുറഞ്ഞ സർവീസ് റോഡിൽ ആംബുലൻസുകൾ പോലും കുരുക്കിൽപെട്ട് കിടക്കുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും കിളികൊല്ലൂർ, ഇരവിപുരം സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ ഇവിടെ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പൊലീസിനെയും, ട്രാഫിക് വാർഡന്മാരെയും നിയമിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാർ കമ്പനി നിയമിച്ച രണ്ടുപേരാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ഉള്ളത്.
ശനിയാഴ്ച പരിസരവാസികൾ റോഡിൽ ഇറങ്ങി വാഹനങ്ങൾ നിയന്ത്രിച്ചാണ് കുരുക്കിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കിയത്. രാവിലെയും വൈകിട്ടും അയത്തിൽ ജംഗ്ഷൻ മുതൽ പുന്തലത്താഴം വരെയും, കൊല്ലം ഭാഗത്തേക്കുള്ള റോഡിൽ പുളിയത്തുമുക്ക് മുതൽ അയത്തിൽ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. നിർമ്മാണം പൂർത്തിയായി കിടക്കുന്ന മേൽപ്പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് കുരുക്കിന് പരിഹാരമുണ്ടാക്കണം എന്നാണ് വാഹന യാത്രക്കാരും പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

