കല്ലുംകടവിൽ അപകടക്കെണിയൊരുക്കി വഴിയോര കച്ചവടം പൊടിപൊടിക്കുന്നു; അധികൃതർക്ക് മൗനം
text_fieldsകല്ലുംകടവിലെ ഇരു പാലത്തിന്റെയും മധ്യത്തിലായി അപകടം വരുത്തുന്ന രീതിയിൽ വഴിയോര കച്ചവടം നടത്തുന്നു, പഴയ പാലത്തിൽ മത്സ്യ കച്ചവടം നടത്തുന്നു
പത്തനാപുരം: മണ്ഡലകാലം പടിവാതിൽക്കൽ എത്തിയിട്ടും, ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കഴിയാതെ അധികൃതർ ഇരുട്ടിൽ തപ്പുന്നു. ജില്ല അതിർത്തിയായ കല്ലുംകടവിൽ അനിയന്ത്രിതമായ വഴിയോര കച്ചവടം വർധിക്കുന്നതും ടൗണിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. കല്ലുംകടവിലെ പഴയപാലത്തിൽ പഴകച്ചവടം തുടങ്ങി മത്സ്യകച്ചവടം വരെ നടത്തുന്ന ഒരു സംഘം പിടിമുറുക്കിയിരിക്കുകയാണ്.
മത്സ്യഫെഡിന്റെ പേരിൽ മിനിവാനിൽ എത്തിക്കുന്ന മീനുകളുടെ അവശിഷ്ടങ്ങളും, മീൻ വെള്ളവും കല്ലും കടവ് തൊട്ടിലേക്കും, നടപ്പാതയിലേക്കും ഒഴുക്കുന്നതായും പരാതിയുണ്ട്. ഇതുമൂലം കാൽ നടയാത്രക്കാർക്ക് ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തൊട്ടടുത്ത ബാങ്കിൽ എത്തുന്നവർക്കും മൂക്ക് പൊത്താതെ നിൽക്കാൻ കഴിയില്ല. ഇതുകൂടാതെ സ്വകാര്യ ബസുകളും, മറ്റ് സ്വകാര്യ വാഹനങ്ങളും പാലത്തിൽ നിർത്തിയിടുന്നത് മേഖലയിൽ രൂക്ഷമായ ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പാലം സംരക്ഷിക്കുന്നതിനായി 16 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. ഈ പാലമാണ് ഇപ്പോൾ അധികൃതർ കണ്ണടക്കുന്നതിനെ തുടർന്ന് പകൽ വഴിവാണിഭക്കാരും, സന്ധ്യമയങ്ങിയാൽ സാമൂഹിക വിരുദ്ധരും കൈയടക്കിയിരിക്കുന്നത്.
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഇനിയും ഗതാഗത സൗകര്യത്തിന് നടപടികൾ ഉണ്ടായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് അയ്യപ്പഭക്തന്മാരാണ് പത്തനാപുരം വഴി വന്നുപോകുന്നത്. കല്ലുംകടവ് പഴയ പാലത്തിൽ നിന്ന് വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ച്, പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

