ബൈപാസിലെ ടോൾ; നിർത്തിവെക്കുമെന്ന ഉറപ്പ് പാലിക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsകൊല്ലം: ദേശീയപാത 66ലെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൊല്ലം ബൈപാസിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാമെന്ന് നേരത്തേ നല്കിയ ഉറപ്പ് പാലിക്കുമെന്ന് കേന്ദ്ര ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
രണ്ടുവരിപ്പാതയായി ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ പ്രകാരം ടോള്‍ പിരിവ് ആരംഭിച്ചത്. ആറുവരിപ്പാതയായി വികസനം നടത്തുമ്പോള്‍ നിർമാണം പൂര്‍ത്തിയാകാതെ ടോള്‍ ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തോട് എം.പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദേശീയപാത അതോറിറ്റി പരിശോധന നടത്തി. ടോള്‍ പിരിവ് നിര്‍ത്താന്‍ ദേശീയപാത മന്ത്രാലയത്തിന് ശിപാര്‍ശയും നല്‍കിയിരുന്നു. ഈ ശിപാര്‍ശ ദേശീയപാത മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിലാണ്.
മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മന്ത്രി ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയത്. കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് നടത്തുന്നത് സംസ്ഥാന സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറുമായി ടോള്‍ പിരിക്കാനായി സമ്മതം നല്കി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സര്‍വിസ് റോഡുകള്‍ നിലവിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ബൈപാസാണ് ഉപയോഗിക്കുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ബൈപാസ് അല്ലാതെ മറ്റ് റോഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ടോള്‍ പിരിവ് നിർത്തുന്ന ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതെന്നും എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

