തുലാമഴക്ക് സമാന മഴ: കാറ്റും ഇടിമിന്നലും ശക്തം
text_fieldsകൊല്ലം: വടക്ക് കിഴക്കൻ കാലവർഷത്തിന്റെ ആരംഭം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുലാമഴക്ക് സമാനമായ മഴ ലഭിച്ചുതുടങ്ങി. ഉച്ചക്ക് ശേഷം തുടങ്ങി രാത്രിയോളം നീണ്ടുനിൽക്കുന്ന രീതിയിലും കിഴക്കൻ മേഖലയിൽ തുടങ്ങി പതിയെ തീരദേശ മേഖലകളിലേക്ക് എത്തുന്ന രീതിയിലുമാണ് മഴ പെയ്യുന്നത്.
മഴക്കൊപ്പം ഇടിമിന്നലും ശക്തമായി വീശുന്ന കാറ്റുമുണ്ട്. ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിലമേലിലടക്കം ശക്തമായ മഴപെയ്തു. നിലമേലിൽ എം.സി റോഡിൽ വെള്ളം കയറി. ഇടിമിന്നലും ശക്തമായ കാറ്റും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് എല്ലാവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കടയ്ക്കൽ: കിഴക്കൻ മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ ജനജീവിതം ദുസ്സഹമാകുന്നു. പെരുമഴയെ തുടർന്ന് എം.സി റോഡിൽ നിലമേൽ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡിൽ വൻതോതിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള ദീർഘദൂര വാഹനങ്ങളും ഇരുചക്ര വാഹനയാത്രക്കാരും മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ കനത്ത മഴയാണ് . ജംഗ്ഷനുകളിലെയും പ്രധാന പാതയോരങ്ങളിലെയും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതും മാലിന്യ കുംഭാരമായി അടഞ്ഞുകിടക്കുന്നതുമാണ് പെട്ടെന്നുള്ള വെള്ളക്കെട്ടിന് ഇടയാക്കിയത്.
പ്ലാസ്റ്റിക്കും മണ്ണും അടിഞ്ഞുകൂടി ഓടകൾ പൂർണ്ണമായി അടഞ്ഞതോടെ, മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതെ റോഡിലേക്ക് വെള്ളo കയറുകയാണ്. സമീപത്തെ തോടുകളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയാണ്. നെൽപാടങ്ങളും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറൽ ഭീഷണി നിലനിൽക്കുന്നുണ്ട്. വലിയ രീതിയിലുള്ള കൃഷിനാശത്തിന്റെ ഭീതിയിലാണ് പ്രദേശത്തെ കർഷകർ.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് ചെറിയൊരു മഴ പെയ്യുമ്പോൾ പോലും നിലമേലിലും പരിസരങ്ങളിലും ഇത്തരം വലിയ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാകുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

