തീരദേശ മേഖലയിലെ യുവാക്കൾക്കായി തൊഴിൽതീരം പദ്ധതി
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: തീരദേശ മേഖലയിലെ യുവ തീയുവാക്കൾക്ക് വിജ്ഞാന മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിന് മത്സ്യബന്ധന വകുപ്പ്, നോളജ് ഇക്കോണമി മിഷൻ എന്നിവ സംയുക്തമായി ആവിഷ്കരിച്ച തൊഴിൽതീരം പദ്ധതിയിൽ ജില്ലയിൽനിന്ന് 5686 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 2155 പുരുഷന്മാരും 3528 സ്ത്രീകളും മൂന്ന് ട്രാൻസ്ജൻഡർ വ്യക്തികളും ഉൾപ്പെടുന്നു. ജില്ലയിലെ കരുനാഗപ്പള്ളി,ചവറ,കൊല്ലം,ഇരവിപുരം,ചാത്തന്നൂർ നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ മണ്ഡലത്തിലും എം.എൽ.എ അധ്യക്ഷരായ സംഘാടക സമിതികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവും സാമൂഹിക-വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫിഷറീസ് വകുപ്പ്, നോളജ് ഇക്കോണമി മിഷൻ എന്നിവർ ചേർന്ന് നടത്തിയ സർവേയിൽ നൈപുണ്യ പരിശീലനത്തിന് താൽപര്യം രേഖപ്പെടുത്തിയവർക്കാണ് അവസരം ലഭിച്ചവർക്ക് പേഴ്സനൽ മെന്ററിങ്, പ്രഫഷനൽ മെന്ററിങ്, ഇന്റർവ്യൂ പരിശീലനം,
റെസ്യൂമെ തയാറാക്കൽ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.പരിശീലനം നേടിയ തൊഴിലന്വേഷകർക്കായി 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ജില്ലയിൽ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ തൊഴിൽമേളകൾ സംഘടിപ്പിക്കും. താൽപര്യമറിയിച്ചവർക്ക് ഓൺലൈനും ഓഫ്ലൈനും പ്രാദേശികമായി പരിശീലനം നൽകും. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെയാണ് നോളജ് ഇക്കോണമി മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യബന്ധന സമൂഹത്തിന്റെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച് പത്താം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പരിശീലന അവസരം ലഭ്യമാക്കും.
പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി സാഫ് ഫെസിലിറ്റേറ്റർമാർ, പുനർഗേഹം മോട്ടിവേറ്റർമാർ, മത്സ്യഫെഡ് പ്രോജക്ട് ഓഫിസർമാർ എന്നിവരെ വളന്റിയർമാരായി നിയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോം വഴിയാണ് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാനത്തെ 46 തീരദേശ നിയോജകമണ്ഡലങ്ങളിലായി 300 കേന്ദ്രങ്ങളിൽ നിലവിൽ സോഫ്റ്റ് സ്കിൽ പരിശീലനം പുരോഗമിക്കുന്നു.
രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് മികച്ച ജോലി സാധ്യതകൾ അവരുടെ അഭിലഷണീയമായ മേഖലകളിൽ കണ്ടെത്തുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ആപ്പിൽ രജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ട മേഖലയിലെ ജോലികൾ ഡാഷ്ബോർഡിൽ ലഭ്യമാകും. ആപ്പിലൂടെ ഇംഗ്ലീഷ് പരിജ്ഞാനം, അടിസ്ഥാന കഴിവുകൾ എന്നിവ തൊഴിൽദാദാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കും. കൂടാതെ ഉദ്യോഗാർഥികൾക്ക് ആപ്പ് വഴി തങ്ങളുടെ തൊഴിലിൽ മികവ് നേടുന്നതിനാവശ്യമായ പരിശീലനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

