നാലു മണ്ഡലങ്ങളില്‍ കൂടി ‘തൊഴില്‍തീരം’ പദ്ധതി
text_fieldsകൊല്ലം: തീരദേശ മേഖലയിലെ സാമ്പത്തിക, സാമൂഹിക, തൊഴില്‍ മേഖലകളില്‍ മാറ്റം വരുത്തുക ലക്ഷ്യമിട്ട ‘തൊഴില്‍തീരം’ പദ്ധതി ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളില്‍ കൂടി നടപ്പാക്കുന്നു. ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് തുടങ്ങുക.
മുമ്പ് കരുനാഗപ്പള്ളിയില്‍ മാത്രമായിരുന്നു പദ്ധതി ആവിഷ്കരിച്ചിരുന്നത്. കേരള നോളജ് ഇക്കോണമി മിഷന് - ഫിഷറീസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്, അസാപ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴില്‍ അന്വേഷകരായ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റര്‍ ചെയ്ത് പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും നല്കി ജില്ല തല തൊഴില്‍മേള സംഘടിപ്പിച്ച് തൊഴില്‍ മേഖലയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചവറ, ചാത്തന്നൂര്‍, ഇരവിപുരം നിയോജകമണ്ഡലങ്ങളില്‍ സംഘാടക സമിതി രൂപവത്കരണ യോഗം നടന്നു. എം.എല്‍.എ ചെയര്‍മാനായും പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ വൈസ് ചെയര്‍മാനായും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപവത്കരിച്ചു.
ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സണ്മാര് സംഘടന നേതാക്കള്‍ തുടങ്ങിയവരാണ് ജോയന്റ് കണ്‍വീനര്‍മാര്‍. ഫിഷറീസ്, പഞ്ചായത്ത് , കുടുംബശ്രീ ഉദ്യോഗസ്ഥര്‍ വളന്റിര്മാര് എന്നിവരാണ് അംഗങ്ങള്‍.
ചവറയില്‍ ഡോ. സുജിത്ത് വിജയന്‍പിള്ള എം.എൽ.എ സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. രജിത് അധ്യക്ഷതവഹിച്ചു. ചാത്തന്നൂര്‍ മണ്ഡലതല യോഗം പരവൂര്‍ നഗരസഭ വൈസ് ചെയര്മാന് എ. സഫര്‍ ഖായല്‍ ഉദ്ഘാടനം ചെയ്തു. ഇരവിപുരത്ത് പ്രിയദർശന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുനില്‍ ജോസ് അധ്യക്ഷതവഹിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (വിവാഹിതർ ഭര്‍ത്താവിന്റെയോ, 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെയോ വരുമാനം) ഹാജരാക്കണം. ഇ.ഡബ്ല്യു.എസ് /പട്ടികജാതി-വര്‍ഗ / ഒ.ബി.സി വിഭാഗക്കാര്‍ - വരുമാനം, ജാതി, അസറ്റ് (അര്‍ഹതയുണ്ടെങ്കില്‍), എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ രേഖ ഹാജരാക്കണം.
ഒരു രക്ഷാകർത്താവ് മാത്രമുള്ള അപേക്ഷക (മരണപ്പെട്ടയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ മാതാവ്, വിധവ/വിവാഹ മോചനം നേടിയവര്‍, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ രേഖ ഹാജരാക്കണം. അസ്സല് രേഖകളും രണ്ടു പകര്‍പ്പുമായി (പത്താം ക്ലാസ്, പ്ലസ് ടു, ബി.ടെക് /ബി.ആര്‍ക്, ആധാര്‍, നിര്‍ദിഷ്ട യോഗ്യതകള്‍) ചവറ ഐ.ഐ.ഐ.സിയില്‍ ആഗസ്റ്റ് 11 ന് രാവിലെ ഒമ്പതിന് എത്തണം. വിവരങ്ങള്‍ക്ക് www.iiic.ac.in ഫോണ്‍: 8078980000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

