ഇ‘ക്കൊല്ലം’ തകർത്തോണം
text_fieldsബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം നൃത്തം ചെയ്യുന്ന വിദ്യാർഥികൾ
പുനലൂർ: ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നടക്കം കേരളത്തിലേക്ക് വിൽപ്പന കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനം തുടങ്ങി. ആര്യങ്കാവ് പഴയ ചെക്ക്പോസ്റ്റിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടുകൂടിയാണ് പ്രാഥമിക പരിശോധന നടത്തുന്നത്. സംശയമുള്ള സാധനങ്ങൾ കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ തിരുവനന്തപുരം അനലിറ്റിക്കൾ ലാബിന്റെ സേവനം തേടുന്നതാണ്. കൂടാതെ പാലും പാൽ ഉത്പന്നങ്ങളും പരിശോധിക്കാൻ ക്ഷീരവികസന വകുപ്പിന്റെ സ്ഥിരം പരിശോധന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഓണവിപണിയിലേക്ക് ആവശ്യമായ ഒട്ടുമിക്ക സാധനങ്ങളും മറ്റിടങ്ങളിൽ നിന്നും എത്തിച്ചേർന്ന സ്ഥിതിക്ക് ഇനിയുള്ള പരിശോധന എത്രത്തോളം ഫലപ്രദമാണെന്ന ആക്ഷേപമുണ്ട്.
ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അഞ്ച് സ്ക്വാഡുകൾ
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലയിൽ അഞ്ച് സ്ക്വോഡുകൾ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ 27ന് ആരംഭിച്ച സ്ക്വോഡ് നാളിതുവരെ 576 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 89 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ ന്യൂനത കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങൾ നിർത്തിവെപ്പിച്ചു.
വൃത്തിഹീനമായും ഭക്ഷൃ സുരക്ഷ നിയമം പാലിക്കാതെയും പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്പെഷൃൽ സ്ക്വാഡ് 324 സാംമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ, നെയ്, പാൽ, ശർക്കര, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകൾ, ചിപ്സ്, മുതലായവയാണ് കൂടുതൽ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. റിപ്പോർട്ട് വരുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 11 25 എന്ന നമ്പരിൽ അറിയിക്കണമെന്ന അധികൃതർ അറിയിച്ചു.
ഓണം സൗഹൃദ മീറ്റ്
കൊല്ലം: കൊല്ലം ഇസ്ലാമിയ കോളേജിൽ ഓണം സൗഹൃദ മീറ്റും വിവിധ കലാ-വിനോദ പരിപാടികളുമായി ഓണാഘോഷവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വേണുഗോപാൽ, കോളേജ് പ്രതിനിധി സൽമാൻ എന്നിവർ ആശംസ നേർന്നു. കോളജ് പ്രിൻസിപ്പൽ ഡോ. അൽഹാഫിദ് കെ.എ. സഫീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ തൻസീർ സ്വാഗതവും സെക്രട്ടറി റാഫി വടുതല സമാപനവും നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ-വിനോദ പരിപാടികൾ അരങ്ങേറി. ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഷിബിലി, ഇർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തേവലക്കര ഈസ്റ്റ് എൽ.പി സ്കൂളിൽ കരടി ഇറങ്ങി
ശാസ്താം കോട്ട: ഓണാഘോഷത്തിന് ആവേശം പകർന്ന് ജി.എൽ.പി.എസ് തേവലക്കര ഈസ്റ്റിൽ കരടികളി അരങ്ങേറി. അരിനല്ലൂർ കരടികളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്തെ നാടൻ കലാരൂപങ്ങളുടെ താളവും തുടിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരടികളി സംഘടിപ്പിച്ചത്. ഇടനെഞ്ചിൽ പെരുമ്പറ തീർക്കുന്ന താളത്തിനൊത്ത് പുല്ലുകൊണ്ടുള്ള വേഷമണിഞ്ഞ കരടികൾ ചുവടുവെച്ചപ്പോൾ സ്കൂൾ അങ്കണം ആവേശത്തിലായി. കുട്ടികളും അധ്യാപകരും നാട്ടുകാരും കരടികളിയുടെ ചുവടുകൾ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആസ്വദിച്ചു.
പി.ടി.എ പ്രസിഡന്റ് സരോജാക്ഷൻ, ഹെഡ്മിസ്ട്രസ് റഫീന എസ്., കാട്ടുവിള ഗോപാലകൃഷ്ണപിള്ള, അരുണ്കുമാർ, ശശികല, രാജ്ലാൽ തോട്ടുവാൽ, ജ്യോതിഷ് കണ്ണൻ, കീർത്തന, ഷിബി എന്നിവർ നേതൃത്വം നൽകി.
കോവൂരിൽ ഞായറാഴ്ച കരടികളിറങ്ങും
ശാസ്താംകോട്ട: ഓണ വരവറിയിച്ച് കോവൂർ തോപ്പിൽമുക്ക് ഗ്രന്ഥശാലക്ക് സമീപം ഞായറാഴ്ച കരടികൾ ഇറങ്ങും. കോവൂർ ദി കേരളലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടികളി മത്സരമാണ് നാടിന് ആവേശം പകർന്ന് 23ന് നടക്കുന്നത്. വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന കരടികളി മത്സരം രാത്രി 10ഓടെ സമാപിക്കും. മികച്ച ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച കരടി വേഷത്തിനും മികച്ച വേട്ടക്കാരനും 1000 രൂപ വീതവും ക്യാഷ് പ്രൈസും നൽകും. നാട്ടു പെരുമയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നാല് മുതൽ കയർ പിരി മത്സരവും ഓല മെടയൽ മത്സവും നടക്കും. ശനിയാഴ്ച വൈകിട്ട് ആറിന് ഓണാഘോഷം ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് രജനി സുനിൽ മുഖ്യാതിഥിയാകും. തുടർന്ന് നാടൻ പാട്ടും തിരുവാതിര കളി മത്സരവും നടക്കും.
ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി
ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധന പാലിയേറ്റീവ് രോഗികൾക്കായി സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ‘ഓണത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിൽ തയാറാക്കിയ കിറ്റുകൾ വള്ളിക്കാവ് എഫ്.എച്ച്.സിയിൽ സി.ആർ മഹേഷ് എം.എൽ.എ കൈമാറി.
ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഡോ. എസ്.എം ഇറാൻഷാ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻഷാ, സെക്രട്ടറി കെ.ആർ.വത്സൻ, സത്യൻ വൈഷ്ണോദയം, വരവിള ഹുസൈൻ, ശ്യാം കുമാർ, അഭിലാഷ് വാലുതറ, എം.പി സുരേഷ് ബാബു, എസ്. ഷിഗു, അനു അശോക്, ലൈബ്രറേറിയൻ എസ്. ഗിരിജ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
യൂനിഫോം നൽകി
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ ആയിരത്തോളം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഓണക്കോടിയായി യൂനിഫോം വിതരണം ചെയ്തു. കെ.സി വേണുഗോപാൽ എം.പിയുടെ സഹകരണത്തോടെ സി.ആർ മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. കെ.സി വേണുഗോപാൽ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മുഴുവൻ ജങ്ഷനുകളിലെയും ഓട്ടോ സ്റ്റാൻഡുകളിൽ നേരിട്ടെത്തി എം.എൽ.എ തൊഴിലാളികൾക്ക് ഓണക്കോടി കൈമാറുകയും ഓണാശംസകൾ അറിയിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം മണ്ഡലത്തിലെ 1,500-ഓളം വരുന്ന ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ഓണക്കോടികൾ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

