‘തെന്മല ഡ്വാർഫ്’ കൊല്ലത്തിന്റെ സ്വന്തം കുള്ളൻ പശുവാകാൻ ഒരുങ്ങുന്നു
text_fieldsതെന്മല ഡ്വാർഫ്’ എന്ന കുള്ളൻ പശു
കൊല്ലം: പതിറ്റാണ്ടുകളായി തെന്മലയിലെയും വഞ്ചിയോട്, ഇടപ്പണ, കടമാൻകോട്, അരിപ്പ എന്നീ ആദിവാസി ഊരുകളിൽ വളർത്തിവരുന്ന കുള്ളൻ പശുവായ തെന്മല ഡ്വാർഫിനെ പറ്റി ജനിതക പഠനങ്ങൾ നടത്താൻ കേരള ലൈവ് ഡെവലപ്മെന്റ് ബോർഡിനെ ചുമതലപ്പെടുത്തി.
വെറ്ററിനറി സർവകലാശാലയും സഹകരിക്കും. കേരളത്തിന്റെ സ്വന്തം പശുക്കളായി വെച്ചൂരും കാസർകോട് ഡ്വാർഫും മാറിയതിന് പിന്നാലെയാണ് കൊല്ലത്തിന്റേതായ സംഭാവനയായ തെന്മല കുള്ളനും ജനിതക പഠനത്തിന് വഴിയൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കുഞ്ഞുകാൽ, ഉറച്ച കുളമ്പുകൾ, ചൈതന്യമൊത്ത മേനി, തിളങ്ങുന്ന കണ്ണുകൾ, ചെറുകൊമ്പുകൾ, കൊച്ചുപൂണി ഇതൊക്കെയാണ് തെന്മല ഡ്വാർഫിന്റെ പ്രത്യേകത. ഏറിയാൽ ഒരു ഗ്ലാസ് പാലാണ് തെന്മല പശുക്കളിൽനിന്ന് ലഭിക്കുക. മൂരികൾക്ക് ശൗര്യം കൂടുതലാണ്. ഇപ്പോൾ 42എണ്ണം മാത്രമുള്ള തെന്മല കുള്ളൻ പശുകൾ കൊച്ചേരിപ്പ, ഇടപ്പണ കോളനികളിലാണ് വാസം. രാവിലെ തുറന്നു വിട്ടാൽ എണ്ണപ്പന തോട്ടത്തിലൂടെ നടന്ന് ആവശ്യത്തിനു തീറ്റ തിന്ന് വൈകീട്ട് തിരിച്ചുവരവാണ് പതിവ്. ജില്ല വെറ്ററിനറി കേന്ദ്രവും വെറ്ററിനറി സർവകലാശാലയും സംയുക്തമായാണ് തെന്മല കുള്ളൻ പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ പോകുന്നത്.
പശുക്കളുടെ ഭൗതിക പരിശോധന, രോഗപ്രതിരോധ ശേഷി, കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കും.
തുടർന്ന് കുള്ളൻ പശുക്കളുടെ ജനിതകത്തെ മറ്റ് ജനുസ്സുകളുമായി താരതമ്യ പഠനത്തിന് വിധേയമാക്കും. ശേഷം നിർധാരണ പ്രജനനം വഴി ജനുസ്സിനെ ശുദ്ധമാക്കി പുതിയ തലമുറകളെ സൃഷ്ടിക്കും.
ഇത്തരം കടമ്പകൾ കഴിഞ്ഞാൽ കൊല്ലത്തിന്റെ സ്വന്തം പശുക്കളായി തെന്മല ഡ്വാർഫിനെ പ്രഖ്യാപിക്കുമെന്ന് ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈൻകുമാർ പറഞ്ഞു.
ഹരിയാനയിലെ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സ് എന്ന കേന്ദ്രമാണ് ജനുസ്സിന് രജിസ്ട്രേഷനും അംഗീകാരവും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

