'ആശാ'കരത്തിൽ സുരക്ഷിതരായി യുവതിയും കുഞ്ഞും
text_fieldsകൊല്ലം: കുടുംബ പ്രശ്നങ്ങളെ തുടർന്ന് കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങിയ യുവതിയെ പൊലീസിനെ വിവരമറിയിച്ച് സുരക്ഷിതകരങ്ങളിലെത്തിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറായ ആശ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം തന്‍റെ ഡ്യൂട്ടിക്കിടെ തോന്നിയ സംശയത്തിന്‍റെ ചുവടുപിടിച്ച് രണ്ട് ജീവനുകൾക്ക് കാവലായത്. ആറ്റിങ്ങലിൽനിന്ന് കൊല്ലത്തേക്കുള്ള ബസിൽ ആറ്റിങ്ങലിൽ നിന്നാണ് യുവതി കുഞ്ഞുമായി കയറിയത്.
യുവതി അശ്രദ്ധമായിരിക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, ഇവരുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമെല്ലാം അസ്വാഭാവികത തോന്നിയതോടെ സംസാരിച്ചു. ഏറെ നേരത്തെ സംസാരത്തിലാണ് വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്. കൊട്ടിയത്ത് ഇറങ്ങാൻ ടിക്കറ്റെടുത്ത യുവതിയുടെ കൈയിൽ ആകെ 100 രൂപയാണ് ഉണ്ടായിരുന്നത്. തുടർന്ന്, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ചാത്തന്നൂർ ഡിപ്പോയിൽ കാത്തുനിന്ന് യുവതിയോട് വിവരങ്ങൾ അന്വേഷിക്കുകയും ഒപ്പം കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റിയ യുവതിയെയും കുഞ്ഞിനെയും വീട്ടുകാരെത്തി കൂട്ടികൊണ്ടുപോകുന്നത് വരെ കാര്യങ്ങൾ അന്വേഷിക്കാനും കണ്ടക്ടറായ ആശ രാമചന്ദ്രൻ മറന്നില്ല. സമയോചിതമായ ഇടപെടൽ നടത്തിയ ആശക്ക് അഭിനന്ദന പ്രവാഹമാണ്. ഒപ്പം നിന്ന ഡ്രൈവർ രഞ്ജിത്, സഹായവുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥർ, യുവതിക്കും കുഞ്ഞിനും കരുതലൊരുക്കിയ ചാത്തന്നൂർ ഡിപ്പോയിലെ ജീവനക്കാർ എന്നിങ്ങനെ എല്ലാവർക്കും നന്ദി പറയുകയാണ് ആശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

