വനിത കണ്ടക്ടറെ ആക്രമിച്ച യുവാവ് പിടിയില്‍
text_fieldsകരുനാഗപ്പള്ളി: കെ.എസ്.ആര്.ടി.സി വനിത കണ്ടക്ടറെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ചവറ ചെറുശ്ശേരിഭാഗം സോനു ഭവനില്‍ സോനുകുമാര്‍ (33) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ കൊല്ലം-കായംകുളം റൂട്ടില്‍ സർവിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത സോനുകുമാറിന് ടിക്കറ്റിന്റെ ബാക്കിയായി നാണയങ്ങളാണ് കണ്ടക്ടര്‍ നല്‍കിയത്. എന്നാല്‍ നാണയങ്ങള്‍ക്ക് പകരം നോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ സോനുകുമാര്‍ വനിതകണ്ടക്ടറെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കണ്ടക്ടറെ കാലുകൊണ്ട് ചവിട്ടി, മറ്റ് യാത്രക്കാരുടെ മുന്നില്‍ െവച്ച് അപമാനിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബി.ഗോപകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ അലോഷ്യസ്, എ.എസ്.ഐ നിസാമുദ്ദീന്‍, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

