നിശ്ചയദാർഢ്യമേ നിന്റെ പേരോ നദിയ
text_fieldsഅഞ്ചൽ: ഏരൂർ പത്തടി കാഞ്ഞുവയൽ സ്വദേശി നദിയക്ക് വക്കീൽ കുപ്പായം അണിയുക എന്നത് ചെറുപ്പംമുതലേയുള്ള ആഗ്രഹമായിരുന്നു. പഠനം പാതിവഴിയിൽ മുറിഞ്ഞുപോയിട്ടും ഉത്തരവാദിത്തങ്ങളുടെ ലോകത്ത് മാത്രം വർഷങ്ങളോളം ജീവിതം മുന്നോട്ടുപോയിട്ടും ആ സ്വപ്നം ഹൃദയത്തിൽ സൂക്ഷിച്ചുപോന്നു, എന്നെങ്കിലും യാഥാർഥ്യമാകുമോ എന്ന് പോലും അറിയാതെയായിരുന്നു ആ കാത്തുവെപ്പ്. എന്നാൽ, ഇപ്പോൾ ഇതാ ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് 39 -ാം വയസ്സിൽ വക്കീൽ എന്ന് പേരിനൊപ്പം ചേർത്ത് സ്വപ്നം കൈപ്പിടിയിലാക്കിയതിന്റെ സന്തോഷത്തിലാണ് നദിയ.
വർഷങ്ങൾക്ക് മുമ്പ് എസ്.എസ്.എൽ.സി പാസായതോടെ നദിയ പഠനത്തോട് വിടപറഞ്ഞിരുന്നു. അധികം താമസിയാതെ ഇടമുളക്കൽ സ്വദേശിയുമായി വിവാഹവും കഴിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴുംതുടർന്ന് പഠിക്കണമെന്നുള്ള മോഹം മനസ്സിലുണ്ടായിരുന്നു. ഇതിനിടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. കുടുംബത്തിനൊപ്പമുള്ള ജീവിതം മുന്നോട്ടുനീങ്ങവെയാണ് ഒന്നര പതിറ്റാണ്ടിന് മുമ്പ് പാതിയിൽ നിർത്തിയ പഠനം പുനരാരംഭിക്കാനുള്ള ആഗ്രഹം കാര്യമായി മനസ്സിൽ നിറഞ്ഞത്. ഭർത്താവുൾപ്പെടെയുള്ളവർ കൂടെ നിന്നതോടെ കൂടുതൽ ആത്മവിശ്വാസമായി.
അങ്ങനെയാണ് 2018-19 കാലയളവിൽ ഇടമുളക്കൽ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ ഇടയം വിദ്യാകേന്ദ്രത്തിൽ തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ച വാർത്തയറിഞ്ഞ് നദിയ രജിസ്റ്റർ ചെയ്തു. തുടർന്ന് അഞ്ചൽ തുല്യതാ പഠന കേന്ദ്രത്തിൽ പഠനം ആരംഭിച്ചു. പ്ലസ് ടു ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. അടുത്ത വർഷം തന്നെ പാറശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രവേശന പരീക്ഷയെഴുതി. വിജയിച്ച് ബി.കോം എൽ.എൽ.ബി ഡിഗ്രി കോഴ്സിന് ചേർന്ന നദിയ തുടർന്നുള്ള വർഷങ്ങളിൽ കഠിനപ്രയത്നമാണ് നടത്തിയത്.
ഒടുവിലിപ്പോൾ വിജയം നേടി ഹൈകോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതോടെ സ്വപ്ന സാഫല്യവും നിശ്ചയദാർഢ്യമുണ്ടെങ്കിൽ അസാധ്യമായി യാതൊന്നുമില്ല എന്നതിന് തെളിവുമായി. നിലവിൽ പുനലൂർ കോടതിയിലാണ് നദിയ പ്രാക്ടീസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

