മേല്‍പാലങ്ങള്‍ക്കടിയില്‍ ഉല്ലസിക്കാം; സംസ്ഥാനത്തെ ആദ്യ ‘വീ'പാര്‍ക്ക് കൊല്ലത്ത് തുറന്നു
text_fieldsകൊല്ലം എസ്.എൻ കോളജിന് സമീപത്തെ റെയിൽവേ മേൽപാലത്തിന്റെ അടിവശത്ത്
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ‘വീ’ പാർക്ക്
കൊല്ലം: എസ്.എന്‍ കോളജ് ജങ്ഷന് സമീപം റെയില്‍വേ മേല്‍പാലത്തിന്റെ അടിവശം സൗന്ദര്യവത്കരിച്ച് ഒരുക്കിയ 'വീ' പാര്‍ക്ക് ജനങ്ങൾക്കായി തുറന്നു. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മേല്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് കൊല്ലത്ത് യാഥാര്‍ഥ്യമായത്.
രാജ്യത്ത് ആദ്യമായി പൊതുമരാമത്ത്- ടൂറിസം മേഖലയില്‍ ഡിസൈന്‍ നയം നടപ്പാക്കിയ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുന്നതിന്റെ ഭാഗമായാണ് പാലങ്ങള്‍ക്കടിയിലുള്ള സ്ഥലം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള പൊതുഇടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ലഹരിയുടെ ഉപയോഗം ഒരുപരിധി വരെ കുറക്കാം.
സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുമായി കൈകോര്‍ത്ത് കേരളത്തിലെ നൂറിലധികം പാലങ്ങള്‍ക്കടിയിലെ സ്ഥലം ഇതുപോലെ ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉപയോഗശൂന്യമായിക്കിടക്കുന്ന ഇടങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊല്ലം നഗരഹൃദയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വികസനത്തിന്റെ പ്രതിച്ഛായയായി വീ പാര്‍ക്ക് നിലനില്‍ക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
കൊല്ലം എസ്.എൻ കോളജിന് സമീപത്തെ റെയിൽവേ മേൽപാലത്തിന്റെ അടിവശത്ത് സൗന്ദര്യവത്രണത്തിന്റെ ഭാഗമായി നിർമിച്ച 'വീ'പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാർക്കിലെ ഓപൺ ജിമ്മിൽ കയറിയപ്പോൾ. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി എന്നിവർ സമീപം
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റോളം സ്ഥലത്ത് ഒരുക്കിയ വീ പാര്‍ക്കില്‍ വാക്കിങ് ട്രാക്കുകള്‍, കഫറ്റീരിയ, ബാഡ്മിന്റണ്‍-വോളിബാള്‍ കോര്‍ട്ടുകള്‍, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ഏരിയ, ഓപണ്‍ ജിം, യോഗ മെഡിറ്റേഷന്‍ സോണ്‍ ഇവന്റ് സ്പേസ്, ടോയ്ലറ്റ്, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ കേരള വിനോദസഞ്ചാരവകുപ്പ് രണ്ടുകോടി രൂപ ചെലവില്‍ നടപ്പാക്കിയ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, വിനോദസഞ്ചാരവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിഷ്ണുരാജ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്മാന് എസ്.കെ. സജീഷ്, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.കെ. സവാദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

