വീടിന്റെ ഗോവണിപ്പടി തകർന്നു; മുകൾനിലയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
text_fieldsമുകളിൽ കുടുങ്ങിയ കുടുംബത്തെ അഗ്നിരക്ഷാസേന
താഴെയിറക്കുന്നു
ഇരവിപുരം: ഇരുനില വീടിന്റെ പുറത്തുള്ള ഗോവണിപ്പടി തകർന്ന് മുകൾനിലയിൽ കുടുങ്ങിയ കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാളത്തുംഗൽ ജനനി നഗർ ‘മയൂര’ വീടിന്റെ പുറത്തുള്ള ഗോവണിപ്പടിയാണ് വ്യാഴാഴ്ച രാത്രി ഏഴോടെ വലിയ ശബ്ദത്തിൽ നിലംപതിച്ചത്.
ഭൂകമ്പമോ മറ്റോ ആണെന്നു കരുതി വീടിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന കുടുംബം പുറത്തേക്കോടി. അപ്പോഴാണ് പുറത്തെ ഗോവണിപ്പടിയാണ് തകർന്നതെന്നറിയുന്നത്. ഒന്നാംനിലയിൽ താമസിച്ചിരുന്ന കുടുംബം മുകളിലേക്ക് കയറിപ്പോയതിന് പിന്നാലെയായിരുന്നു സംഭവം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാവിലെ പത്തോടെ വിവരം ഇരവിപുരം പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. തുടർന്ന് കടപ്പാക്കടയിൽനിന്ന് സ്റ്റേഷൻ ഓഫിസർ മനുവിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയും ഇരവിപുരം പൊലീസും ചേർന്ന് വീടിന് മുകളിൽ കയറി സുരക്ഷാ ഉപകരണങ്ങൾ ധരിപ്പിച്ച് കുടുങ്ങിപ്പോയ ഹാഷിർ, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിൻ എന്നിവരെ ഏണിയിലൂടെ താഴെയെത്തിച്ചു.
വർഷങ്ങളായി ഇവിടെ ഒറ്റിക്ക് താമസിക്കുകയാണ് രണ്ടു കുടുംബങ്ങൾ. വീടിന്റെ തകർച്ചയെക്കുറിച്ച് ഉടമയെ അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് വലിയ ജനാവലിയും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

