കരിനിഴൽ നീങ്ങുന്നു; പെരുമൺ–പേഴംതുരുത്ത് പാലം പൂർത്തീകരണത്തിലേക്ക്
text_fieldsപെരുമൺ-പേഴംതുരുത്ത് പാലം പണി പൂർത്തീകരിക്കാത്ത നിലയിൽ. സമാന്തരമായി കാണുന്നത് കൊല്ലം- കായംകുളം റെയിൽപാത
കൊല്ലം: അഷ്ടമുടിക്കായലിന് കുറുകെ അസ്ഥികൂടമായി നിലകൊള്ളുന്ന പെരുമൺ-പേഴംതുരുത്ത് പാലം പണി പൂർത്തിയാകാൻ സാധ്യത ഏറി. മധ്യഭാഗത്തെ സ്പാനിന്റെ ഡിസൈൻ സംബന്ധിച്ച അനിശ്ചിതത്വം കാരണം രണ്ടു ഭാഗങ്ങൾ കൂട്ടിമുട്ടാതെ വർഷങ്ങളായി നിലകൊള്ളുന്ന പാലമാണ് ശാപമോക്ഷം നേടുന്നത്. ബോട്ടുയാത്രക്ക് ബുദ്ധിമുട്ടില്ലാതെ 70 മീറ്ററിൽ മധ്യഭാഗത്ത് സ്പാൻ നിർമിക്കും വിധം ഡിസൈൻ പുനഃക്രമീകരിച്ചത് കരാർ കമ്പനി അംഗീകരിച്ചതോടെയാണ് പുനർനിർമാണമൊരുങ്ങുന്നത്. കിഫ്ബി, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, കരാർ കമ്പനി, ഡിസൈൻ തയാറാക്കുന്ന എൽ ആൻഡ് ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ നിലവിലുള്ള കരാർ വ്യവസ്ഥകൾക്ക് വിധേയമായി ജോലി പൂർത്തിയാക്കുമെന്നും കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഉറപ്പ് കരാർ കമ്പനി രേഖാമൂലം സമർപ്പിക്കണമെന്ന നിർദേശമുയർന്നു.
യോഗം ഡ്രാഫ്റ്റ് ഡിസൈനും അംഗീകരിച്ചു. എൽ ആൻഡ് ടി ഫൈനൽ ഡിസൈൻ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. കൊല്ലം താലൂക്കിലെ പനയം പഞ്ചായത്തിലെ പെരുമൺ കരയെയും മൺറോതുരുത്ത് പഞ്ചായത്തിലെ പേഴംതുരുത്തിനെയും ബന്ധിപ്പിക്കുന്ന പാലം പണി മധ്യഭാഗത്തെ സ്പാൻ നിർമാണം നടത്താതെ അനിശ്ചിതമായി നിലയ്ക്കുകയായിരുന്നു.
2018ൽ ആരംഭിച്ച പാലത്തിന്റെ നിർമാണത്തിൽ ആദ്യഘട്ടം കോവിഡും പിന്നീട് ഡിസൈൻ തർക്കവുമാണ് തടസ്സമായത്. കെ.ആർ.എഫ്.ബി ഡിസൈൻ കിഫ്ബിക്ക് കൈമാറിയതിനെ തുടർന്നാണ് ഡിസൈൻ സംബന്ധിച്ച അവസാന തീരുമാനമെടുക്കാൻ യോഗം വിളിച്ചത്.
എൽ ആൻഡ് ടി തയാറാക്കുന്ന ഫൈനൽ ഡിസൈൻ കൂടുതൽ പരിശോധനകൾക്കായി ചെന്നൈ ഐ.ഐ.ടിക്ക് സമർപ്പിക്കും. അവരുടെ കൂടി പരിശോധനക്ക് ശേഷമായിരിക്കും നിർമാണം ആരംഭിക്കുക, അതിനുള്ള കാലതാമസം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

