മോഷ്ടിച്ച വാഹനവുമായി കടന്നയാളെ സേലത്തുനിന്ന് പിടികൂടി
text_fieldsഗോകുൽരാജ്
കൊല്ലം: യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ചെടുത്ത് കടന്ന യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തമിഴ്നാട്, സേലം കരുങ്കൽപെട്ടി സ്വദേശി ഗോകുൽരാജാണ് (23) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കൊല്ലം കൊച്ചുപിലാമൂട് ജങ്ഷനിലുള്ള കടക്ക് മുൻവശം വെച്ചിരുന്ന ഇരുചക്രവാഹനം ഇയാൾ മോഷ്ടിച്ച് കടക്കുകയായിരുന്നു. മുണ്ടയ്ക്കൽ സ്വദേശിയായ യുവതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
ഉടമയായ യുവതിയുടെ പരാതിയിൽ പള്ളിത്തോട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എറണാകുളം, തൃശൂർ വഴി തമിഴ്നാട് ഭാഗത്തേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കി. തുടർന്ന്, ഈ പ്രദേശങ്ങളിൽ വയർലെസ് സന്ദേശം കൈമാറുകയും അതിന്റെ ഫലമായി സേലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ സഞ്ചാരപാത മനസ്സിലാക്കി പിൻതുടർന്നെത്തിയ പള്ളിത്തോട്ടം പൊലീസ് സേലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ സ്റ്റെപ്റ്റോജോൺ, ഹിലാരിയോസ്, എ.എസ്.ഐ രാജീവ്, എസ്.സി.പി.ഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

