ആര്യങ്കാവിലെ മോട്ടോർവാഹന ചെക്പോസ്റ്റും വിസ്മൃതിയിലേക്ക്
text_fieldsആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റ്
പുനലൂർ: സംസ്ഥാന അതിർത്തിയായ ആര്യങ്കാവിലെ മോട്ടോർ വാഹന ചെക്പോസ്റ്റും ഇനി ഓർമ. ഇവിടത്തെ വാണിജ്യനികുതി ചെക്പോസ്റ്റ് വർഷങ്ങൾക്കുമുമ്പ് അടച്ചുപൂട്ടിയിരുന്നു. വാഹന ചെക്പോസ്റ്റും നിലക്കുന്നതോടെ ഇല്ലാതാകുന്നത് ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്ന്.
വാഹനസംബന്ധമായ എല്ലാക്കാര്യങ്ങളും ഓൺലൈനായതോടെ അതിർത്തിയിലെ ചെക്പോസ്റ്റുകളിലുള്ള പരിശോധന അവശ്യമില്ലെന്ന് കണ്ടാണ് സർക്കാർ തീരുമാനപ്രകാരം പ്രവർത്തനം നിർത്തുന്നത്.
നിലവിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ചെക്പോസ്റ്റ് ഓഫിസ് രണ്ടോ മൂന്നോ ജീവനക്കാർ ഹാജരായി തുറന്നിരിക്കുമെങ്കിലും പഴയരീതിയിലുള്ള വാഹനപരിശോധന ഇല്ല. നിലവിലുള്ള ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതോടെ താമസിയാതെ ഓഫിസ് അടച്ചുപൂട്ടുമെന്നാണ് അറിയുന്നത്. എന്നാൽ അധികഭാരം ഉൾെപ്പടെ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ യൂനിറ്റുകളുടെ പരിശോധന വഴിയിലുണ്ടാകും.
ചെക്പോസ്റ്റ് പരിശോധന നിർത്തുന്നത് പഞ്ചായത്തിന്റെ വരുമാനനഷ്ടത്തിനും ചെക്പോസ്റ്റിനെ ചുറ്റിപ്പറ്റി കഴിഞ്ഞിരുന്ന ഏജൻറുമാർ ഉൾപ്പടെയുള്ളവർക്കും തിരിച്ചടിയായി. സംസ്ഥാന രൂപവത്കരണ കാലം മുതൽ പ്രധാനപ്പെട്ട ചെക്പോസ്റ്റുകളിൽ ഒന്നായിരുന്നു ആര്യങ്കാവിലേത്. തമിഴ്നാട്ടിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ദിവസവും കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങളുടെ രേഖാപരിശോധന, പെർമിറ്റ്, അധിക ലോഡ് പരിശോധന എന്നിവ ചെക്പോസ്റ്റിൽ നടന്നിരുന്നു. അതേസമയം പടിയുടെ കാര്യത്തിലും കുപ്രസിദ്ധമായിരുന്നു ചെക്പോസ്റ്റ്.
മിക്കപ്പോഴും വിജിലൻസ് വിഭാഗം ഇവിടെ റെയ്ഡ് നടത്തി പടിയായി വാങ്ങുന്ന പണവും സാധനങ്ങളും പിടിച്ചെടുക്കാറുണ്ട്. ചെക്പോസ്റ്റ് കെട്ടിടവും ഒരേക്കറോളം വരുന്ന വളപ്പും ഇനി അന്യാധീനമാകും. വാണിജ്യനികുതി ചെക്പോസ്റ്റിന്റെ അവസ്ഥയും ഇതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

