സൈനികന്റെ മരണം പൊലീസ് മർദനം മൂലമെന്ന് മാതാവ്
text_fieldsവാർത്താസമ്മേളനത്തിനിടെ മകന്റെ ചിത്രം പിടിച്ച് കരയുന്ന ഡെയ്സിമോൾ - അനസ് മുഹമ്മദ്
കൊല്ലം: യുവ സൈനികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൊലീസിന്റെ ക്രൂരമായ മർദനമാണ് മകന്റെ മരണകാരണമെന്ന് ആരോപിച്ച് മാതാവ് രംഗത്തെത്തി. കഴിഞ്ഞ ഡിസംബർ 27നാണ് കുണ്ടറ പെരുമ്പുഴ സാജൻ കോട്ടേജിൽ തോംസൺ തങ്കച്ചൻ (32) മരിച്ചത്.
ലോക്കപ്പ് മർദനമാണ് മരണകാരണമെന്ന് ആരോപിച്ച് മാതാവ് ഡെയ്സിമോൾ രംഗത്തുവന്നു. തോംസന്റെ ഭാര്യയുമായുള്ള കുടുംബപ്രശ്നം കാരണം അവരുടെ വീട്ടുകാർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് കുണ്ടറ പൊലീസ് ലോക്കപ്പിൽ മർദിച്ചുവെന്നും അതിലുണ്ടായ ആന്തരിക ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഡെയ്സി പറയുന്നു. 2024 ആഗസ്റ്റിലാണ് തോംസൺ ലീവിൽ വന്നത്. ഭാര്യവീട്ടിലായിരുന്നു താമസം. ഒക്ടോബർ 10ന് രാത്രി ഭാര്യയുമായി വഴക്കുണ്ടായി, പിറ്റേന്ന് ഭാര്യ വീട്ടുകാർ മർദിച്ചതായും സ്ത്രീധന പീഡന പരാതി നൽകിയതായും മാതാവ് പറഞ്ഞു.
അന്ന് രാത്രി പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിൽ കൈകളിലും, കാലുകളിലും വിലങ്ങിട്ട് ക്രൂരമായ മർദനമാണ് നടത്തിയതെന്ന് മകൻ പറഞ്ഞിരുന്നു. സൈനികനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൈകൊള്ളേണ്ട നടപടികൾ പാലിക്കാത്തതടക്കം ഇക്കാര്യത്തിൽ നിയമപരമായി സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടശേഷം നടപടി സ്വീകരിക്കുമെന്നും മകൻ പിന്നീട് പറഞ്ഞിരുന്നു. റിമാൻഡ് ചെയ്ത് കൊല്ലം സബ് ജയിലിലാക്കി ആറുദിവസം കഴിഞ്ഞാണ് ആർമി കമാൻഡറെ പൊലീസ് അറസ്റ്റ് വിവരം അറിയിക്കുന്നത്. ഒക്ടോബർ 19ന് തോംസൺ ജാമ്യത്തിൽ ഇറങ്ങി. ഭാര്യവീട്ടുകാരാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് 15 ദിവസത്തിനുശേഷം നവംബർ ഏഴിന് പൊലീസ് ഡ്രൈവറാണ് ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിട്ടത്. അവശനിലയിലായിരുന്ന മകനെ നവംബർ ഒമ്പതിന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് എൽ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.
13ന് കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മർദനത്തെ തുടർന്ന് നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. ഒരാഴ്ചക്ക് ശേഷം ഡിസ്ചാർജീയി വീട്ടിൽ എത്തിയ മകൻ ഡിസംബർ 27നാണ് മരിച്ചത്. മരിച്ചുപോകുമെന്ന് കരുതാത്തതിനാൽ മകൻ തന്നിൽ നിന്ന് പലതും മറച്ചുവെച്ചതിനാൽ ജാമ്യത്തിലിറങ്ങിയശേഷം എന്തു സംഭവിച്ചു എന്നതടക്കം ദുരൂഹതകൾ നീങ്ങാനുണ്ടന്നും ഡെയ്സി പറഞ്ഞു. ആന്തരിക ക്ഷതവും തലക്കുപിന്നിലെ മുറിവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെരുമ്പുഴ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
ഭാര്യയും വീട്ടുകാരും സംസ്കാര ചടങ്ങിനു വന്നില്ല. ഉന്നത തല അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും പരാതി നൽകിയതായും ഡെയ്സി പറഞ്ഞു. അഭിഭാഷകരായ സാഗർ റഹീം, നൗഷിദ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

