സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം തടവ്
text_fieldsപ്രതി േഗാപാലകൃഷ്ണപിള്ള
കൊല്ലം: സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരിയെ കൊലപ്പെടുത്താനും ശ്രമിക്കുകയും ചെയ്തയാൾക്ക് ജീവപര്യന്തം കഠിന തടവ്. ചവറ ചോലയിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളക്കാണ് (51) കൊല്ലം അഡീഷനൽ ജില്ല ജഡ്ജി എസ്. സുഭാഷ് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചത്.
തടവിനോടൊപ്പം രണ്ടു ലക്ഷം രൂപ പിഴയൊടുക്കണം. സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് അഞ്ചു വർഷം കഠിന തടവ് കൂടി വിധിച്ചു. 2019 സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. അവിവാഹിതനായ പ്രതിയും മാതാവും കുടുംബവീട്ടിൽ ഒരുമിച്ചായിരുന്നു താമസം.
വാർധക്യസഹജമായ അസുഖംമൂലം ബുദ്ധിമുട്ടിലായ മാതാവിനെ സഹായിക്കാനായി സഹോദരി ഉഷയും ഭർത്താവ് മോഹനൻപിള്ളയും ഒപ്പം താമസിച്ചുവരുകയായിരുന്നു. മാതാവിന്റെ പേരിലുള്ള സ്ഥലവും ഫിക്സഡ് ഡെപ്പോസിറ്റും മകൾക്ക് കൊടുത്തതിലുള്ള വിരോധത്തിലാണ് സംഭവദിവസം രാവിലെ പ്രതി സഹോദരീഭർത്താവായ മോഹനൻപിള്ളയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടുകയും ഗുരുതര പരിക്കേറ്റ് മോഹനൻപിള്ള മരിക്കുകയുമായിരുന്നു.
തുടർന്ന് പ്രതി സഹോദരി ഉഷയെയും വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര, അമിത എന്നിവർ ഹാജരായി. ചവറ എസ്.എച്ച്.ഒ ആയിരുന്ന നിസാമുദ്ദീൻ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ സി.പി.ഒ എ. സാജു പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

