സഹോദരീ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന കേസിൽ ട്വിസ്റ്റ്; ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണെന്ന് യുവതി
text_fieldsകൊല്ലം: മാടൻനടയിൽ സഹോദരീ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന കേസിൽ തന്നെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും യുവതി പൊലീസിന് പരാതി നൽകി.
കഴിഞ്ഞമാസം 22ന് മധുരയിൽനിന്നാണ് യുവതിയെയും സഹോദരീ ഭർത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലിൽനിന്ന് പുറത്തിറങ്ങി. ഇതിനുശേഷമാണ് സഹോദരീ ഭർത്താവ് തന്നെ തട്ടിക്കൊണ്ടു പോയതാണെന്ന് പറഞ്ഞ് യുവതി കൊല്ലം വെസ്റ്റ് പൊലീസിന് പരാതി നൽകിയത്. തിരുവനന്തപുരത്ത് ഹോട്ടലിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്.
സഹോദരീ ഭർത്താവിനെ ഭയന്നാണ് മധുരയിൽനിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. സംഭവം നടന്നത് തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്ക് കൈമാറിയെന്ന് വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

