എൻജിൻ നിലച്ച് ആഴക്കടലിൽ ബോട്ട് കുടുങ്ങി; 11 തൊഴിലാളികളെ രക്ഷിച്ചു
text_fieldsഅഴീക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ 11 തൊഴിലാളികളെ രക്ഷപ്പെടുത്തി. മുനമ്പത്തുനിന്ന് നാല് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ ‘എഫ്.ബി ഫിസ’ ബോട്ടാണ് അഴീക്കോടുനിന്ന് 46 കി.മീ. അകലെ വഞ്ചിപ്പുരക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയത്. എൻജിൻ മുറിയിൽ വെള്ളം കയറി പ്രവർത്തനം നിലക്കുകയായിരുന്നു.
കൊല്ലം കാവനാട് സ്വദേശി ഇടപ്പട്ടാതി വാകത്തിൽ വീട്ടിൽ വേണുകുമാറിന്റേതാണ് ബോട്ട്. ബോട്ടും 11 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് സീ റെസ്ക്യൂ ബോട്ടാണ് രക്ഷപ്പെടുത്തി മുനമ്പം ഹാർബറിൽ എത്തിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും കരയിൽനിന്നുള്ള ദൂരക്കൂടുതലും രാത്രിയായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തിങ്കളാഴ്ച വൈകീട്ട് 6.15ഓടെയാണ് ബോട്ട് കടലില്‍ കുടുങ്ങിക്കിടക്കുന്നതായി കൊച്ചി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടറിൽനിന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്. ഉടൻ സീ റെസ്ക്യൂ ബോട്ട് പുറപ്പെട്ടു.
മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാർ, ഷിനിൽകുമാർ, ഷൈബു എന്നിവരും ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, അൻസാർ, സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

