വയോദമ്പതികളുടെ സൈക്കിൾ യാത്രക്ക് മൂന്നര പതിറ്റാണ്ട് പഴക്കം
text_fieldsധനപാലനും ഇന്ദിരയും സൈക്കിളിൽ
ഇരവിപുരം: ധനപാലന്റെയും ഇന്ദിരയുടെയും സൈക്കിൾ യാത്രക്ക് മൂന്നര പതിറ്റാണ്ട് കാലത്തെ പഴക്കം. 35 വർഷമായി പതിവ് തെറ്റിക്കാതെ ഇന്ദിരയെ പന്നിലിരുത്തിയുള്ള യാത്രകൾ തുടരുകയാണ്. പുന്തലത്താഴം ടാഗോർ നഗർ 55 ചരുവിള വീട്ടിൽ 73 കാരനായ ധനപാലനും 55 കാരിയായ ഭാര്യ ഇന്ദിരയും മുടങ്ങാതെയുള്ള സൈക്കിൾ യാത്ര പ്രദേശത്തുകാർക്കാകെ സ്ഥിരം കാഴ്ചയാണ്.
ഇരവിപുരത്തെ കാപെക്സ് കശുവണ്ടി ഫാക്ടറിയിൽ പീലിങ് തൊഴിലാളിയാണ് ഇന്ദിര. ധനപാലൻ ഇന്ദിരയെ വിവാഹംകഴിച്ച നാൾ മുതൽ സൈക്കിളിലിരുത്തിയാണ് ഫാക്ടറിയിൽ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ടുപോകുന്നതും. സൈക്കിളിലിരുന്ന് പോകുന്നതിന് തനിക്ക് എന്നും സന്തോഷമേയുള്ളുവെന്ന് ഇന്ദിരയും പറയുന്നു.
എല്ലാദിവസവും മുടങ്ങാതെ ഇന്ദിരയെ ഫാക്ടറിയിൽ കൊണ്ടുവിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി ഏകദേശം 40 കിലോമീറ്ററോളം ധനപാലൻ സൈക്കിൾ ചവിട്ടും. പത്താം വയസ്സിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങിയ ഇദ്ദേഹം കഴിഞ്ഞ 63 വർഷമായി സൈക്കിളിലാണ് കൂടുതൽ യാത്രകളും. സ്കൂൾ അടക്കുമ്പോൾ കൊല്ലം, ചിന്നക്കട പള്ളിക്കടുത്തുള്ള ഒരു കടയിൽ സഹായിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിടെ നിന്നും ബീഡി തെറുപ്പ് പഠിക്കുകയും തെറുപ്പ് തൊഴിലാളിയായി മാറുകയുമായിരുന്നു.
കഴിഞ്ഞ 63 വർഷത്തിനിടയിൽ ഒരുപാട് സൈക്കിളുകൾ വാങ്ങിയിട്ടുണ്ട്. ഭർത്താവിന്റെ ആരോഗ്യത്തിന്റെ രഹസ്യം സൈക്കിൾ ചവിട്ടുന്നതാണെന്ന് ബോധ്യമുള്ളതിനാൽ ബസിൽ പോകാൻ പറഞ്ഞാലും ഇന്ദിര ഭർത്താവിന്റെ സൈക്കിളിൽ ഇരുന്നേ ജോലിക്കു പോകാറുള്ളൂ.
നാലുമക്കളിൽ കൂലിപ്പണിക്കാരനായ മൂത്ത മകൻ ജോലിക്കുപോകുന്നതും സൈക്കിളിലാണ്. ഭാര്യയുമൊത്തുള്ള ധനപാലന്റെ സൈക്കിൾ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സൈക്കിളുമായി ബന്ധപ്പെട്ട് യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്ന് ധനപാലനും ഭാര്യ ഇന്ദിരയും സാക്ഷ്യപ്പെടുത്തുന്നു. മുടങ്ങാതെ സൈക്കിൾ ചവിട്ടുന്നതിലൂടെ ജീവിത ശൈലീരോഗങ്ങളെ വീടിന്റെ പടിക്ക് പുറത്തുനിർത്തുകയാണ് ധനപാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

