വിപണിയിൽ കതിരണിഞ്ഞ് ജില്ല പഞ്ചായത്തിന്റെ കുത്തരി
text_fieldsകൊല്ലം: ജില്ല പഞ്ചായത്തിന്റെ കതിർമണി ബ്രാന്റിൽ പുറത്തിറക്കുന്ന കുത്തരി വിപണിയിൽ വിജയം. തരിശുകിടന്ന നെൽപ്പാടങ്ങൾ ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിചെയ്താണ് കതിർമണി എന്നപേരിൽ കുത്തരി വിപണിയിലെത്തിച്ചത്.
2023-24 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത പദ്ധതിയാണിത്. കഴിഞ്ഞവർഷം 57 ടൺ നെല്ല് ശേഖരിച്ചതിൽനിന്ന് 32.5 ടൺ അരിയാണ് ജില്ല പഞ്ചായത്തിന് ലഭിച്ചത്. അരിയുടെ വിറ്റുവരവിലൂടെ ലഭിച്ച 19.5 ലക്ഷം രൂപയിൽ 16.5 ലക്ഷം രൂപ നെല്ലിന്റെ വിലയായി കർഷകർക്ക് നൽകിക്കഴിഞ്ഞു. കിലോക്ക് 60 രൂപ നിരക്കിലായിരുന്നു അരി വിപണിയിൽ വിറ്റഴിച്ചത്. 2024-25 വർഷത്തിൽ 52 ടൺ നെല്ല് ശേഖരിച്ചത് അരിയാക്കുന്നതിനായി പ്രോസസിങ് നടന്നുവരികയാണ്. അടുത്ത ആഴ്ചകളിൽത്തന്നെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ജില്ലയിലെ തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ കൃഷിയോഗ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. നെല്ല് സംഭരിച്ച് ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ വെച്ചൂരിലുള്ള റൈസ് മില്ലിൽ പ്രോസസ് ചെയ്ത് ജില്ല പഞ്ചായത്ത് ലേബലിൽ ‘കതിർമണി’ എന്ന ബ്രാൻഡിലാണ് വിപണിയിലെത്തിച്ചത്. സാധാരണ അരിയെക്കാൾ തവിടിന്റെ അളവ് കൂടുതലുള്ള കുത്തരിയാണ് എന്ന പ്രത്യേകതയുണ്ട്. അഞ്ച് കി. ഗ്രാമിന്റെ പായ്ക്കറ്റുകളിലായാണ് കതിർമണി മട്ടയരി ലഭ്യമാകുക.
325 രൂപയാണ് പരമാവധി വിൽപന വില. പാടശേഖര സമിതികൾ, കർഷക ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, ഗ്രന്ഥശാലാകൂട്ടായ്മ എന്നീ ഗ്രൂപ്പുകൾ മുഖേനയാണ് കൃഷിചെയ്തത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകളിലായി 350 ഏക്കറിലായിരുന്നു കൃഷി. ഉമ, മനുരത്ന, ശ്രേയസ്, ജ്യോതി എന്നീ വിത്തിനങ്ങളാണ് ഉപയോഗിച്ചത്. നെല്ല് താങ്ങുവില നൽകി ജില്ല പഞ്ചായത്ത് നേരിട്ട് സംഭരിക്കും. ഒരു ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സബ്സിഡിയായി 35,000 രൂപ ലഭിക്കും. കൂടാതെ ഭൂവുടമക്ക് ഹെക്ടറിന് 5000 രൂപ ഇൻസെന്റീവും ലഭ്യമാകും.
ജില്ല പഞ്ചായത്ത് വിപണന കേന്ദ്രം, ജില്ലയിലെ കൃഷിഭവനുകൾ, കുരിയോട്ടുമല ഫാം, തെരെഞ്ഞെടുക്കപ്പെട്ട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ അരി ലഭ്യമാകും. കൂടാതെ വെളിച്ചെണ്ണ, ശുദ്ധമായ തേൻ, വളം, കുപ്പിവെള്ളം, ആട്ടിൻ പാൽ, വെച്ചൂർ പശുവിന്റെ പാൽ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾ ഇതിനോടകം ജില്ല പഞ്ചായത്ത് വിപണിയിൽ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

