ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; അന്തർസംസ്ഥാനതൊഴിലാളിക്ക് ജീവപര്യന്തം
text_fieldsRepresentational Image
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്തർസംസ്ഥാനതൊഴിലാളിക്ക് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പെരിനാട് കവിത ഭവനിൽ കവിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവും പശ്ചിമബംഗാൾ സ്വദേശിയുമായ ദീപക്കിനെ (36) കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. കവിതയുടെ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പ്രതി രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയായി അടക്കുന്ന തുക കവിതയുടെ പ്രായപൂർത്തിയായ മക്കൾക്ക് നൽകണം.
ജോലി തേടി കേരളത്തിൽ എത്തിയ ദീപക്ക് കവിതയുമായി പ്രണയത്തിലാവുകയും പശ്ചിമബംഗാളിലേക്ക് പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ തിരികെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. ഇരുവരും കവിതയുടെ വീട്ടിലായിരുന്നു താമസം. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. സംശയത്തിന്റെ പേരിൽ ദീപക്ക് സ്ഥിരമായി കവിതയെ ദോഹോപദ്രവം ഏൽപ്പിച്ചിരുന്നു. തലമുടി മുറിച്ചു മാറ്റുകയും ചെയ്തു.
കോവിഡ് ലോക്ഡൗൺ അവസാനിച്ച 2020 ഏപ്രിൽ 11ന് നാട്ടിലേക്ക് രക്ഷപ്പെടാമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കൊല നടത്തിയത്. രാത്രിയിൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കറിക്കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് കോടാലികൊണ്ട് തലക്കും കഴുത്തിനും വെട്ടി കൊലപ്പെടുത്തി. കവിതയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മാതാവ് സരസ്വതിയേയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു.
കുണ്ടറ എസ്.ഐ ആയിരുന്ന ഗോപകുമാറും എസ്.എച്ച്.ഒ ആയിരുന്ന ജയകൃഷ്ണനുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്രയും എം.പി. അജിത്തും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

