അപകടത്തില്‍പെട്ട കാര്‍ ഓടിച്ച അധ്യാപകന് മർദനം; രണ്ടുപേർ പിടിയിൽ
text_fieldsപത്തനാപുരം ചെമ്മാൻ പാലത്തിന് സമീപം നിയന്ത്രണംവിട്ട് കടയുടെ ഷട്ടറിലേക്ക്
ഇടിച്ചുകയറിയ കാർ
പത്തനാപുരം: നിയന്ത്രണംവിട്ട കാര്‍ അപകടത്തിൽപെട്ടതിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയവരിൽ ചിലർ സംഘംചേർന്ന് കാർ ഓടിച്ച അധ്യാപകനെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ-കായംകുളം പാതയില്‍ പത്തനാപുരം ചെമ്മാൻ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അടൂർ സ്വദേശിയും പത്തനാപുരം കുരിയോട്ടുമല എൻജീനിയറിങ് കോളജ് അധ്യാപകനുമായ ശ്രീഷിനാണ് മർദനമേറ്റത്. ശ്രീഷിന്റെ രണ്ട് ചെവിയുടെയും കർണപുടത്തിന് തകരാർ സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. അധ്യാപകന്റെ പരാതിയെതുടര്‍ന്ന് പത്തനാപുരം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രവികുമാര്‍, അപകടസ്ഥലത്ത് ടയര്‍ കട നടത്തുന്ന മജീദ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
എതിരെ വന്ന ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്രീഷ് വാഹനം വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് സമീപത്തെ കടയുടെ ഷട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അതുവഴി വന്നവർ വിവരം തിരക്കാതെ ശ്രീഷിനെ കൈയേറ്റം ചെയ്യുകയായിരുന്നു. അക്രമി സംഘം വാഹനത്തിന്റെ ചില്ലുകളും തകർത്തു. വണ്ടി ഇടിച്ചുനിന്ന കടയുടെ രണ്ടാം നിലയില്‍ നിന്ന ദൃക്സാക്ഷി സജിത എത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ അധ്യാപകനെ പത്തനാപുരത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു. എതിരെ വന്ന ബൈക്ക് യാത്രികനും അപകത്തില്പെട്ടു. പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

