നികുതി കുടിശ്ശിക: കോർപറേഷന് കിട്ടേണ്ടത് 23 കോടി രൂപ
text_fieldsകൊല്ലം: തനത് ഫണ്ടിൽ ‘ദാരിദ്രം’ തുടരുകയും സർക്കാർ ഫണ്ട് പദ്ധതികൾക്ക് പോലും സമയത്ത് അനുവദിച്ച് കിട്ടാതിരിക്കുകയും ചെയ്യുന്ന കൊല്ലം കോർപറേഷനിൽ നികുതി കുടിശ്ശികയിനത്തിൽ പിരിഞ്ഞുകിട്ടേണ്ടത് 23 കോടിയോളമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്.
നഗരത്തിലെ ഷോപ്പിങ് സെന്ററിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ 33 ലക്ഷം നികുതി കുടിശ്ശികയുടെ പേരിൽ കോർപറേഷൻ ഉദ്യോഗസ്ഥർ പൂട്ടിട്ടതും തൊട്ടുപിന്നാലെ മേയറുടെ നിർദേശത്തിൽ തുറന്നതും സംബന്ധിച്ച് കൗൺസിൽ യോഗത്തിലുയർന്ന ചർച്ചക്കിടയിലാണ് മേയർ ഇക്കാര്യം പറഞ്ഞത്.
ടി.ജി. ഗിരീഷും കുരുവിള ജോസഫുമാണ് തിയറ്റർ നികുതിവിഷയം ഉന്നയിച്ചത്. തുക അടച്ചിട്ടാണോ തുറക്കാൻ അനുമതി കൊടുത്തത് എന്ന ടി.ജി. ഗിരീഷിന്റെ ചോദ്യത്തിന്, ഘട്ടംഘട്ടമായി ഇതുവരെ 12 ലക്ഷം തിയറ്ററുകാർ അടച്ചതായി മേയർ പറഞ്ഞു. പൂട്ടിയതിന് പിന്നാലെ, മുടങ്ങിയതിന് കാരണവും കുറച്ച് തുക അടക്കാമെന്നും കാണിച്ച് കത്ത് നൽകിയതോടെയാണ് മാനുഷിക പരിഗണനയിൽ തുറക്കാൻ നിർദേശം നൽകിയതെന്ന് മേയർ അറിയിച്ചു. ആഗസ്റ്റിനകം തുക മുഴുവൻ അടച്ചുതീർക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. വലിയ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കുരുവിള ജോസഫ് ഉന്നയിച്ചപ്പോൾ എല്ലാവരുടെയും പുറത്തുവിടാമെന്ന് ഒരുഘട്ടത്തിൽ മേയർ മറുപടി നൽകി. നഗരത്തിൽ തൊഴിൽ നികുതി നൽകാത്ത അഭിഭാഷകരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ നിരവധിയാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ചൂണ്ടിക്കാട്ടി.
കലക്ടട്രേറ്റിലെ ഓഫിസുകൾ ഉൾപ്പെടെ നികുതി കുടിശ്ശികയുണ്ട്. കലക്ടറുടെ വണ്ടി ജപ്തി ചെയ്യേണ്ട സ്ഥിതി ആണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം നോട്ടീസ് നൽകിയിട്ടും അടക്കാത്ത നികുതി പിരിച്ചെടുക്കാൻ നടപടിയിലേക്ക് കോർപറേഷൻ കടക്കുന്നു എന്ന് കൗൺസിൽ യോഗം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം വൈകിയ തെരുവോരത്തെ അനധികൃത ബങ്കുകൾ ഒഴിപ്പിക്കുന്ന നടപടി പൊലീസ് സുരക്ഷയോടെ ഉടൻ നടത്തുമെന്ന് മേയർ അറിയിച്ചു.
മഴക്കെടുതിയിൽ നേരിട്ട ദുരിതം ഹണി ബെഞ്ചമിൻ ഉൾപ്പെടെ കൗൺസിലർമാർ വിശദീകരിച്ചു. തന്റെ ഡിവിഷനിൽ പുള്ളിക്കട കോളനി നിവാസികൾ നേരിട്ട വെള്ളക്കെട്ട് ദുരിതത്തിന് കാരണക്കാർ അശാസ്ത്രീയ നിർമാണം നടത്തിയ എൻജിനീയറിങ് വിഭാഗം ആണെന്ന് ഹണി കുറ്റപ്പെടുത്തി. വെള്ളക്കെട്ട് ഉണ്ടായപ്പോൾ ശരിയാക്കാൻ വന്ന ജെ.എച്ച്.ഐ, തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരെ തിരികെ വിളിച്ച പ്രവർത്തി ഉണ്ടായെന്നും ഹെൽത്ത് ഇൻസ്പെക്ടർ തന്റെ ഡിവിഷനിൽ കയറുകയോ ജീവനക്കാരെ വിടുകയോ ചെയ്യാതെ ചിറ്റമ്മനയം കാണിക്കുകയാണെന്നും അവർ ആരോപിച്ചു.
വെള്ളക്കെട്ട് നേരിട്ട പ്രദേശങ്ങളിൽ ഹെൽത്ത് വിഭാഗം കാര്യക്ഷമമായി ഇടപെട്ടതിനെ പ്രതിപക്ഷഅംഗങ്ങൾ ഉൾപ്പെടെ അഭിനന്ദിച്ചെങ്കിലും വലിയ ഓടകളും മറ്റും നേരത്തെ വൃത്തിയാക്കാത്തതിൽ വിമർശനമുയർന്നു.
നഗരത്തിൽ ഉണങ്ങിയ മരങ്ങൾ ഉയർത്തുന്ന അപകടങ്ങളും വലിയ ചർച്ചയായി. അപകടാവസ്ഥ കാരണം മുറിക്കേണ്ട മരങ്ങളുടെ പട്ടിക എത്രയും പെട്ടെന്ന് നൽകിയാൽ ട്രീ കമ്മിറ്റി വിളിച്ചുചേർത്ത് അനുമതി വാങ്ങാമെന്ന് മേയർ അറിയിച്ചു. മരം മുറിക്കാൻ കാർഷിക കർമസേനയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര അറിയിച്ചു.
തെരുവുവിളക്കുകൾ പുതിയത് ഇട്ടത് പെട്ടെന്ന് കേടാകുന്ന വിഷയം വിവിധ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ചിന്നക്കടയിൽ മോട്ടോർ തൊഴിലാളികൾ ഉപയോഗിക്കുന്ന ബങ്ക് ഉൾപ്പെടെ തകർക്കുന്ന നിലയിൽ റെയിൽവെ മുന്നറിയിപ്പില്ലാതെ മണ്ണിട്ടത് കൗൺസിലിൽ ചർച്ചയായി.
സ്ഥിരംസമിതി അധ്യക്ഷരായ സജീവ് സോമൻ, എസ്. ജയൻ, കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, പുഷ്പാംഗദൻ, ടോണി, ദീപു ഗംഗാധരൻ, നൗഷാദ്, ജി. ഉദയകുമാർ, നിസാമുദീൻ, ഷൈലജ, അനീഷ്, സ്വർണമ്മ, സ്റ്റാൻലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

