അരി മുതൽ അട വരെ, സദ്യവട്ടങ്ങൾക്കുള്ള ഷോപ്പിങ് തകൃതി
text_fieldsകൊല്ലം: നല്ല കുത്തരി വാങ്ങണം, മധുരം കിനിയുന്ന പായമുണ്ടാക്കാൻ അടയും വേണം, വില കയറിനിന്നാലും വെളിച്ചെണ്ണയില്ലാതെ എന്ത് ഓണം... മുളകും മല്ലിയും മഞ്ഞൾപ്പൊടിയും ഉള്ളിയും അങ്ങനെ ഉപ്പുമുതൽ കർപ്പൂരംവരെ വാങ്ങേണ്ട ഓണത്തിന് ഷോപ്പിങ് എങ്ങും തകൃതിയായി മുന്നേറുകയാണ്. വിലക്കയറ്റത്തിന്റെ കനമില്ലാതെ ഗുണമേന്മയുള്ള പലവ്യഞ്ജനങ്ങളും മറ്റും അടുക്കളയിലെത്തിക്കാനുള്ള തിരക്കാണ് എങ്ങും.
ഇതുകൂടാതെ, ഓണം സ്പെഷൽ വ്യാപാര ഉത്സവം ആഘോഷിക്കാനുള്ള സമയം കൂടിയാണല്ലോ. എല്ലാവരും ഓഫറുകൾ ആശ്രാമം മൈതാനത്ത് ചെന്നെത്തിയാൽ കാണാം ഓണത്തിരക്ക്. മേളകളിൽ നിന്ന് മേളകളിലേക്ക് തിക്കിത്തിരക്കുന്ന ജനം. വ്യാഴാഴ്ച അവധി ദിനത്തിൽ സാധനങ്ങൾ വാങ്ങാൻ നൂറുകണക്കിന് പേരാണ് വ്യാപാരകേന്ദ്രങ്ങളിലേക്ക് എത്തിയത്.
ആശ്രാമം മൈതാനത്ത് തുടങ്ങിയ സപ്ലൈകോയുടെ ഓണം ഫെയറിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. ഓണക്കിറ്റ് വാങ്ങാനും നിരവധി പേരാണ് താൽപര്യപ്പെടുന്നത്.1225 രൂപയുടെ ഓണക്കിറ്റ് ആയിരം രൂപക്കും 625 രൂപയുടെ ഓണക്കിറ്റ് 500 രൂപക്കും ആണ് ഇവിടെ കിട്ടുന്നത്.
1000 രൂപക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പണും നൽകിയാണ് സപ്ലൈകോയുടെ ‘ഓണാഘോഷം’. 25 രൂപ നിരക്കിൽ 20 കിലോ ഓണം സ്പെഷൽ അരി, ന്യായവിലക്ക് വെളിച്ചെണ്ണ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് എന്നിവയും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. സെപ്റ്റംബർ നാല് വരെയാണ് സപ്ലൈകോ ഓണം ഫെയർ. വരുംദിനങ്ങളിൽ തിരക്ക് ഇനിയും കൂടുന്ന കാഴ്ചയായിരിക്കും ഓണം വിപണിയിൽ.
‘ഫാം ഫെസ്റ്റ് 2025’ ഓണം മേളക്ക് തുടക്കം
ഓണം പ്രമാണിച്ച് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘ഫാം ഫെസ്റ്റ് 2025’ മേളക്കും ആശ്രാമം മൈതാനത്ത് തുടക്കമായി. കാർഷിക ഉൽപന്നങ്ങൾ, ഖാദി, കയർഫെഡ്, കാഷ്യൂ കോർപറേഷൻ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവക്കൊപ്പം ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രദർശന- വിൽപന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ദിവസേന കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. നാട്ടിൻപുറത്തിന്റെ കാർഷിക സമൃദ്ധിയും ഗ്രാമീണ ജീവിതരീതികളും നേരിട്ട് അനുഭവിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.
ഉൽപന്ന വിപണനത്തിന് പുറമെ കാർഷിക സംരംഭങ്ങൾക്ക് വിപുലമായ വിപണി കണ്ടെത്താനും ഫാം ടൂറിസം വഴി ഗ്രാമവികസനത്തിന് പുതുവഴികൾ തുറക്കാനുമുള്ള സാധ്യതകൾ ജില്ല പഞ്ചായത്ത് വിലയിരുത്തുന്നു. സെപ്റ്റംബർ മൂന്ന് വരെയാണ് മേള.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. വിനോദം, വിപണനം, സംസ്കാരികാനുഭവം ഇവയെല്ലാം ഒരുമിച്ച് സമ്മാനിക്കുന്ന സമഗ്രമായ ആഘോഷവേദിയായി ഫാം ഫെസ്റ്റ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ആർ. വിമൽചന്ദ്രൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. ശിവകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. എസ്. അനീസ, കുര്യോട്ടുമല ഫാം സൂപ്രണ്ട് വി. പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

