ചൂടിൽ ഉരുകി, ദാഹിച്ച് വലഞ്ഞ് നാട്
text_fieldsതെന്മല എം.എസ്.എൽ ഭാഗത്ത് ടാങ്കറിൽ കൊണ്ടുവന്ന കുടിവെള്ളം ശേഖരിക്കുന്നു
കൊല്ലം: സൂര്യൻ കത്തിക്കാളുകയാണ്, വേനൽ എല്ലാ രൗദ്രതയും പുറത്തെടുത്ത് നാടിനെ വറുത്തെടുക്കുന്ന സ്ഥിതി. താപനില ദിനവും റെക്കോഡ് ഭേദിച്ച് മുന്നേറുമ്പോൾ ദാഹിച്ചുവലയുകയാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും. ചൂടിന്റെ കാഠിന്യമറിയണമെങ്കിൽ നാട്ടിലെ വാട്ടർ അതോറിറ്റി ഓഫിസുകളിൽ പോയാൽ മതി.
എല്ലായിടത്തും തിരക്കാണ്. ചിലർ പരാതി പറയാനെത്തിയതാണ്, ചിലരാകട്ടെ, 1000 ഒപ്പുകൾ നിറഞ്ഞ നിവേദനങ്ങളുമായി കാത്തുനിൽക്കുന്നു. മറ്റ് ചിലരാകട്ടെ ഉപരോധവും സമരവും നടത്തുന്നു. എല്ലാവർക്കും പരാതി ഒന്നുമാത്രം, ‘വെള്ളം കിട്ടാനില്ല’.
ജല അതോറിറ്റി ഓഫിസുകളിലെ ഫോണുകളിലേക്കും പരാതി പ്രവാഹം. അത്രക്കാണ് ജലക്ഷാമം. കിണറുകളെല്ലാം എപ്പോഴേ വറ്റി. ആകെ ആശ്രയമാകുന്ന ജല അതോറിറ്റി പൈപ്പുകളിൽനിന്ന് നൂൽ കനമുള്ള വെള്ളത്തിനായി കാത്തിരിക്കുകയാണ് ജനം, അതുതന്നെ എപ്പോഴെത്തുമെന്ന് ഉറപ്പുമില്ല. വെള്ളത്തിനായി ഉറക്കമിളച്ചും കാത്തിരിക്കേണ്ട സ്ഥിതി.
താഴ്ന്ന മേഖലകളിലുള്ളവർക്ക് പിന്നെയും പൈപ്പ് വെള്ളം കിട്ടുന്നുണ്ടെന്ന് പറയാം. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് അക്ഷരാർഥത്തിൽ കിട്ടാക്കനിയാണ്. ഇതുകാരണം പണം മുടക്കി ടാങ്കുകളിൽ എത്തിക്കുന്ന വെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് നിർധനർ പോലും.
വെയിൽചൂടിന്റെ കാഠിന്യത്തിനെ കവച്ചുവെക്കുകയാണ് ഭീമൻ തുകയുടെ ബില്ലുകൾ നൽകുന്ന ചൂട്. നിരക്ക് വർധിച്ചതോടെ രണ്ടുമാസത്തെ ബിൽ 600 രൂപക്കും മുകളിൽ വരെ അടക്കേണ്ടിവരുന്ന വീട്ടുകാരും നിരവധി.
തികയുന്നില്ല വെള്ളം
മുമ്പ് നൽകിയിരുന്ന വെള്ളം പോലും ഈ വേനൽകാലത്ത് വാട്ടർഅതോറിറ്റിക്ക് നൽകാൻ കഴിയുന്നില്ല. ശാസ്താംകോട്ടയിൽ നിന്നും ജപ്പാൻ കുടിവെള്ളപദ്ധതി വഴിയും വിവിധ കുഴൽക്കിണറുകൾ വഴിയുമാണ് ജില്ലയിൽ വെള്ളം പൈപ്പ് വഴി എത്തിക്കുന്നത്. വേനലിലെ ഉണക്ക് സ്വാഭാവികമായും ഈ സ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
ഉയർന്ന മേഖലകളിലുള്ളവരാണ് കഷ്ടപ്പെടുന്നത്. കൊല്ലം കോർപറേഷൻ പരിധിയിൽ തന്നെ പട്ടത്താനം, ശ്രീനാരായണപുരം, കിളികൊല്ലൂർ, കരിക്കോട്, അറുന്നൂറ്റിമംഗലം എന്നിങ്ങനെ പ്രദേശങ്ങളിലെല്ലാം സ്ഥിതി രൂക്ഷമാണ്.
14 പഞ്ചായത്തുകളിലേക്കും രണ്ട് മുനിസിപ്പാലിറ്റികളിലേക്കും കൊല്ലം കോർപറേഷനിലേക്കും വെള്ളം നൽകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സമയക്രമം പാലിച്ചും മറ്റും എങ്ങനെയെങ്കിലും വെള്ളം എത്തിക്കാനുള്ള ശ്രമം ജലഅതോറിറ്റിയിൽ നിന്നുണ്ടായാലും എല്ലായിടത്തും എത്തുന്നില്ല.
ദേശീയപാത വികസനവും വില്ലൻ
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുദ്ധജലം വൻതോതിൽ പാഴാകുന്ന സ്ഥിതിയുംവളരെ കൂടുതലാണ്. ദേശീയപാത വികസനമാണ് പ്രധാനവില്ലൻ. നിർമാണപ്രവർത്തനങ്ങൾ കാരണം പൊട്ടുന്ന പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ റോഡുപണി ഏറ്റെടുത്തിരിക്കുന്ന ഏജൻസി തയാറാകുന്നില്ല.
ഇത് കാരണം ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് റോഡിൽ ഒഴുകി പാഴാകുന്നത്. ഇതുകൂടാതെ, നിർമാണം കാരണം പലയിടത്തും കണക്ഷൻ അടക്കുകയും ചെയ്തു. ഇതോടെ, അത്തരം സ്ഥലങ്ങളിൽ ആർക്കും വെള്ളംകിട്ടാത്ത സ്ഥിതിയാണ്.
ചൂടിൽ ഉരുകി, ദാഹിച്ച് വലഞ്ഞ് നാട്
പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരവും കോർപറേഷനിൽ അമൃത് പദ്ധതി പ്രകാരവും ലക്ഷക്കണക്കിന് പുതിയ കണക്ഷനുകളാണ് നൽകിയത്. എന്നാൽ ഇതിനനുസരിച്ച് വെള്ളം പമ്പുചെയ്യാനില്ലാത്തതും, ഇത്രയും കണക്ഷനുകളിലൂടെ ഉപഭോഗം കൂടിയതും വെള്ളം കിട്ടാക്കനിയാക്കി.
കൊട്ടിയത്തിന് ദാഹിക്കുന്നു
കൊട്ടിയം: വറ്റിവരളുന്ന കിണറുകളും എപ്പോൾ വെള്ളംവരുമെന്ന് നിശ്ചയമില്ലാത്ത പൈപ്പുകളും നോക്കി നെടുവീർപ്പിടുകയാണ് കൊട്ടിയം നിവാസികൾ. വേനലിന്റെ കാഠിന്യം കുടിവെള്ളക്ഷാമത്തിന്റെ രൂപത്തിൽ നാടിനെ പിടിച്ചുലച്ചതോടെ ടാങ്കുകളിൽ വെള്ളവുമായി പായുന്ന വാഹനങ്ങൾ മേഖലയിൽ നിത്യക്കാഴ്ചയായി മാറിയിട്ട് ആഴ്ചകൾ പലത് പിന്നിടുന്നു.
താപനില കടുത്ത് തുടങ്ങിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ് ഈ പ്രദേശം. അപ്പോഴും നോക്കുകുത്തികളായി പത്തോളം പമ്പ് ഹൗസുകൾ ഇവിടെ ബാക്കിയുണ്ട്. മയ്യനാട് പഞ്ചായത്തിലാണ് പത്ത് പമ്പുഹൗസുകൾ പ്രവർത്തനമില്ലാതെ നശിക്കുന്നത്.
ഉമയനല്ലൂർ കൃഷിഭവന് സമീപത്തെ ഉപേക്ഷിച്ച പമ്പ് ഹൗസ്
ജലവിതരണം സുഗമമായി നടത്തിയിരുന്ന പമ്പ് ഹൗസുകൾ ജപ്പാൻ കുടിവെള്ള പദ്ധതി നിലവിൽ വന്നപ്പോഴാണ് വാട്ടർ അതോറിറ്റി അധികൃതർ അടച്ചുപൂട്ടിയത്. ഇതോടെയാണ് നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിയത്. പുല്ലിച്ചിറ, കണ്ടച്ചിറ മുക്ക്, ധവളകുഴി, കോവു ചിറ, ആലുംമൂട്, കൃഷിഭവൻ, പടനിലം, കൊന്നേൽ മുക്ക്, പട്ടരുമുക്ക് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന പമ്പ് ഹൗസുകളാണ് പൂട്ടിയത്. ഈ പമ്പ് ഹൗസുകളിൽ നിന്നെല്ലാം നേരിട്ടാണ് ജലവിതരണം നടത്തിയിരുന്നത്.
പമ്പ് ഹൗസുകൾ അടച്ചുപൂട്ടുമ്പോൾ ആശങ്കയുമായി രംഗത്തെത്തിയ ജനങ്ങളോട് ജപ്പാൻ പദ്ധതി വരുന്നതോടെ എപ്പോഴും വെള്ളം ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ആ വാക്ക് പാഴായി. പല സ്ഥലത്തും വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. കൊട്ടിയത്തെ വാട്ടർ അതോറിറ്റി ഓഫിസിൽ സമരങ്ങൾ പതിവാകുകയും ചെയ്തു.
വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കാതായതോടെ അഞ്ഞൂറും ആയിരവും കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് പല കുടുംബങ്ങളും. ഇത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചിട്ടുണ്ട്. ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ഓട നിർമാണത്തിനായി കുഴിയെടുത്തതിൽ പല സ്ഥലത്തും കുടിവെള്ള പൈപ്പുകൾ പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
കടുത്ത ചൂടിൽ ഉമയനല്ലൂർ ഏലാ വരണ്ട് വിണ്ടുകീറിയ അവസ്ഥയിലാണ്. വെള്ളമില്ലാത്തതിനാൽ ഏലായിൽ മറ്റ് കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. കൊല്ലം കോർപറേഷനിൽപ്പെട്ട വടക്കേവിളയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നത്. അതും നൂൽപോലെയാണ് വരുന്നത്.
കമ്യൂണിറ്റി ഹാളിന്റെ നവീകരണത്തിന്റെ ഭാഗമായി മുന്നിലുണ്ടായിരുന്ന പമ്പ് ഹൗസ് പൊളിച്ചുമാറ്റിയെങ്കിലും പകരം സംവിധാനം ഉണ്ടാക്കിയിട്ടില്ല. കല്ലട പദ്ധതിയുടെ കനാൽ വഴി വെള്ളം തുറന്നുവിട്ടാൽ തൃക്കോവിൽവട്ടം, മയ്യനാട്, നെടുമ്പന, പഞ്ചായത്തുകളിലെ വലിയൊരുവിഭാഗം വീടുകളിലെ കിണറുകളിൽ വെള്ളം ലഭിക്കുമായിരുന്നു. ഇത്തവണ വേനൽ കടുത്തിട്ടും കനാൽ തുറന്നുവിടാത്തത് രൂക്ഷമായ ജലക്ഷാമത്തിന് കാരണമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

