വേനൽചൂട് കഠിനം; കൃഷിനാശം രൂക്ഷം
text_fieldsകൊല്ലം: കനത്ത വേനൽ ചൂടിൽ കാർഷിക മേഖലയും ദുരിതത്തിൽ. ജലക്ഷാമവും കടുത്ത വെയിലും കൂടി ചേർന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ചുരുങ്ങിയ മാസങ്ങൾക്കിടയിൽ ജില്ലയിൽ സംഭവിച്ചത്. ജില്ലയിലുടനീളം ഈ ദുരവസ്ഥ കർഷകർ നേരിടുകയാണ്. ഏപ്രിലിൽ രണ്ടാഴ്ചക്കുള്ളിൽ മാത്രം 33.14 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായതെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 6.36 ഹെക്ടർ കൃഷിയാണ് കരിഞ്ഞുണങ്ങിയും ഒടിഞ്ഞുവീണും നശിച്ചത്. 176 കർഷകർക്കാണ് ഈ വേനൽ നഷ്ടം സമ്മാനിച്ചത്.
വാഴകൃഷിയിലാണ് കൂടുതൽ നഷ്ടം നേരിട്ടത്. ഇലകൾ ഉണങ്ങിയും കുലച്ച വാഴകൾപോലും ഒടിഞ്ഞുവീണും ലക്ഷങ്ങളാണ് നഷ്ടം. കുലച്ച വാഴകൾ നഷ്ടപ്പെട്ട വകയിൽ മാത്രം 23.10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.54 ഹെക്ടറിലെ വാഴകൃഷിയാണ് ഇത്തരത്തിൽ കുലവീണതിന് ശേഷം നശിച്ചത്. കുലക്കാത്ത വാഴകൾ നശിച്ചതിലും ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 3,850 കുലച്ച വാഴകളും 1,750 കുലക്കാറായ വാഴകളുമാണ് നശിച്ചത്. വെറ്റില, മരച്ചീനി, റബർ, കുരുമുളക് കർഷകർക്കും വ്യാപകമായി കൃഷിനാശം നേരിട്ടു.
കിഴക്കൻ മേഖലയിലെ ചൂടിന്റെ കാഠിന്യം വ്യക്തമാക്കി കൃഷിനാശത്തിന്റെ കണക്കിലും കിഴക്കൻ മേഖലയാണ് മുന്നിൽ. കൊട്ടാരക്കര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22.20 ലക്ഷം രൂപയുടെ കൃഷിയാണ് ഇവിടെ 69 കർഷകർക്ക് കൈമോശം വന്നത്. 1.70 ഹെക്ടറിലാണ് ഇവിടെ കൃഷി നശിച്ചത്. പുനലൂരിൽ 3.76 ലക്ഷവും ശാസ്താംകോട്ടയിൽ 2.73 ലക്ഷവും രൂപയുടെ കൃഷി നശിച്ചു. സ്ഥലവ്യാപ്തിയിൽ കൂടുതൽ കൃഷി നശിച്ചത് ചാത്തന്നൂർ ആണ്. 2.50 ഹെക്ടർ കൃഷിയാണ് നശിച്ചത്.
അതേസമയം, ജലക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കല്ലട ജലസേചന പദ്ധതിയിൽനിന്ന് പോലും ഇത്തവണ ആവശ്യത്തിന് ജലം ലഭിച്ചില്ലെന്ന പരാതിയുയരുന്നുണ്ട്. കുടിവെള്ളത്തിനും കാർഷികവൃത്തിക്കും ആവശ്യമായ വെള്ളമെത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.
വേനല്‍: മലയോര മേഖലയിലെ കർഷകർ പ്രതിസന്ധിയിൽ
കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയില്‍ ഇക്കുറി ഏപ്രില്‍ അവസാനിക്കാറായിട്ടും വേനല്‍മഴ എത്താതെ വന്നതോടെ കത്തുന്ന നിലയില്‍ വേനല്‍. പകലും രാത്രിയും ഒരുപോലെ ശക്തമായ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുന്നതിനാല്‍ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയാണ്. ഒപ്പം വനമേഖലയിലെ അരുവികളും നീര്ചാലുകളുമെല്ലാം നീരൊഴുക്ക് നിലച്ച് വരണ്ടുണങ്ങിയ നിലയിലും. വരൾച്ച ബാധിച്ചതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുമെന്ന ഭീതിയിൽ കർഷകർ
കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ജലസ്ത്രോതസ്സായ കുളത്തൂപ്പുഴയാറിലേക്ക് ജലമെത്തിക്കുന്ന കൈവഴികളായിരുന്ന തോടുകളും അരുവികളും നീരൊഴുക്ക് നിലച്ചു. ചിലയിടത്തെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് മുമ്പ് ഇതു വഴി തോട് ഒഴുകിയിരുന്നു എന്നുള്ളതിന് തെളിവായി അവശേഷിക്കുന്നത്. സമീപ പ്രദേശങ്ങിലെല്ലാം കുറഞ്ഞ തോതിലെങ്കിലും വേനല്‍ മഴ ലഭിച്ചെങ്കിലും കുളത്തൂപ്പുഴയിലും, കുളത്തൂപ്പുഴയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലൊന്നും തന്നെ ഇനിയും വേനല്‍മഴ കിട്ടിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ വിഷുവിനോടനുബന്ധിച്ച് കുളത്തൂപ്പുഴ മേഖലയില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമായിരുന്നു. വനത്തിനുള്ളിലെ നീര്‍ച്ചാലുകളെല്ലാം വരണ്ടതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നതും പതിവാകുന്നു.
വേനലിന്റെ ആരംഭത്തിൽ കൃഷിയിടങ്ങളിലെ ചാലുകളുടെ ഓരത്ത് കുത്തിയ കുളങ്ങളിൽ നിന്നും വെള്ളം കോരി കൊണ്ടുവന്നാണ് കർഷകർ പച്ചക്കറികളടക്കമുള്ള കൃഷികള്‍ നനച്ചിരുന്നത്. എന്നാൽ വേനൽ കടുത്ത് ഉറവകളും കുളങ്ങളും വറ്റിവരണ്ടതോടെ കത്തുന്ന വേനൽ ചൂടിൽ കൃഷിയെല്ലാം കരിഞ്ഞുണങ്ങുന്നത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

