സമ്മേളന സമയത്ത് സി.പി.ഐക്ക് തിരിച്ചടിയായി ആത്മഹത്യകുറിപ്പ്
text_fieldsചന്ദ്രസേനൻ
കൊല്ലം: പഴയ സി.പി.ഐ പ്രവർത്തകനും കെ.എസ്.എഫ്.ഇ കടയ്ക്കൽ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറും ആയിരുന്ന ജി. ചന്ദ്രസേനൻ അഞ്ചുവർഷം മുമ്പ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.ഐ ജില്ല നേതാവിന്റെ പങ്ക് പുറത്തായത് ജില്ല സമ്മേളന സമയത്ത് പാർട്ടിയെ വെട്ടിലാക്കി. ചന്ദ്രസേനന്റെ മകൻ കടയ്ക്കൽ, ഇട്ടിവ, ചാണപ്പാറ വാർഡിൽ മിഥുൻ സി. സേനൻ ആണ് പിതാവിന്റെ ആത്മഹത്യാകുറിപ്പ് അടക്കമുള്ള ഡയറിയുമായി വാർത്ത സമ്മേളനത്തിനെത്തിയത്. 2020 ഫെബ്രുവരി 18 നാണ് ചന്ദ്രസേനൻ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. അതോടെ താനും കുടുംബവും കടക്കെണിയിൽ ആയെന്ന് മിഥുൻ പറയുന്നു.
കഴിഞ്ഞമാസം 25നാണ് വീട്ടിൽ നിന്നും ചന്ദ്രസേനന്റെ ഡയറി ഒളിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സുഹൃത്തും സി.പി.ഐ നേതാവുമായ ജെ.സി. അനിലും കുട്ടാളികളുമാണന്ന് അതിൽ പറയുന്നതായി മിഥുൻ ചൂണ്ടികാട്ടി. ഡയറി അടിസ്ഥാനപ്പെടുത്തി സംസ്ഥാന പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതിയും നൽകി.
ജെ.സി അനിൽ പ്രസിഡന്റായിരുന്ന തുടയന്നൂർ സർവീസ് സഹകരണബാങ്ക്, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സന്മാർഗ്ഗദായിനി സ്വാശ്രയ സംഘം എന്നിവടങ്ങളിൽ നിലവിൽ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വസ്തുതകൾ വർഷങ്ങൾക്ക് മുമ്പേ ചന്ദ്രസേനൽ ഡയറിക്കുറിപ്പിൽ എഴുതി ഭദ്രമായി സൂക്ഷിച്ചിരുന്നു. തുടയന്നൂർ സഹകരണ ബാങ്കിൽ ചന്ദ്രസേനൻ ഫിക്സഡ് ഡെപ്പോസിറ്റിട്ട തുക ഇൻവെസ്റ്റ്മെന്റ് എന്ന പേരിൽ കൈക്കലാക്കിയെന്നതടക്കം ഗുരുതര ആരോപണമാണ് ഡയറിയിലുള്ളത്. ചന്ദ്രസേനൻ മരിച്ച ശേഷം പലതവണ അനിൽ എന്തെങ്കിലും ആത്മഹത്യ കുറിപ്പ് ഉണ്ടോയെന്ന് തിരക്കി വന്നിരുന്നുവെന്നും പരാതിയിലുണ്ട്.
സി.പി.ഐ കടക്കൽ മുൻ മണ്ഡലം സെക്രട്ടറിയും പാർട്ടി ജില്ല കൗൺസിൽ അംഗവുമായിരുന്ന ജെ.സി അനിലിനെ പാർട്ടിയുടെ പ്രഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്താൻ ജില്ല സമ്മേളനത്തിന് മുമ്പ് ജില്ല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. അനിൽ മണ്ഡലം സെക്രട്ടറിയായിരിക്കെ നടന്ന പാർട്ടി ഫണ്ട് വിനിയോഗം സംബന്ധിച്ച ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
അതുസംബന്ധിച്ച് നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോർട്ടും ജില്ല എക്സിക്യൂട്ടീവ് യോഗം പരിഗണിച്ചിരുന്നു. എന്നാൽ ജില്ല സമ്മേളനം കഴിയുംവരെ തീരുമാനം മരവിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതറിഞ്ഞ ചന്ദ്രസേനന്റെ മകൻ ഡയറി കുറിപ്പിന്റെ കോപ്പി അടക്കമുള്ള പരാതി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും ജില്ല സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എക്കും നൽകി. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പ് മാത്രമാണ് സുപാലിൽ നിന്ന് ലഭിച്ചത്. സംസ്ഥാന സെക്രട്ടറിയിൽ നിന്ന് മറുപടിപോലും ലഭിച്ചില്ലന്ന് മിഥുൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് മിഥുന്റെ ആവശ്യം. പ്രതിനിധി സമ്മേളനത്തിൽ ഇക്കാര്യങ്ങളടക്കം ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

