കുഞ്ഞുവലിയ വർണരാജികൾ തീർത്ത് വരയൻപുലികൾ; 50 കുട്ടികൾ വരച്ച അക്രിലിക് ചിത്രങ്ങൾ പ്രദർശനത്തിന്
text_fieldsകൊല്ലം: ഇവര് ശരിക്കും പുലികളാണ് കേട്ടാ... കൊല്ലം എയിറ്റ് പോയന്റ് ആർട്ട് കഫെയിൽ ഇപ്പോൾ എത്തുന്ന ആരും ചുറ്റും നിൽക്കുന്ന കുട്ടിക്കൂട്ടങ്ങളെയും അവരുടെ വിരലുകൾ തീർത്ത വർണരാജികളും കാണുമ്പോൾ ആരും പറഞ്ഞുപോകും. ഒന്നിനൊന്ന് മനോഹരമായ 50 വർണചിത്രങ്ങളുടെ പ്രദർശനവുമായി 50 കുട്ടികളാണ് ഇവിടെ ശ്രദ്ധേയസാന്നിധ്യമാകുന്നത്. ചിത്രരചന പഠിക്കുന്ന കുട്ടികൾ വരച്ചതാണോ എന്ന് അതിശയിപ്പിക്കുന്ന തരത്തിൽ മികവുറ്റ കലാസൃഷ്ടികൾ നിറഞ്ഞ പ്രദർശനത്തിന് ‘വരയൻപുലികൾ’ എന്നാണ് പേര്.
ആർട്ടിസ്റ്റ് അബി എന്ന അധ്യാപകന് കീഴിൽ ചിത്രരചന പഠിക്കുന്ന 50 കുട്ടികൾ വരച്ച അക്രിലിക് ചിത്രങ്ങൾ പ്രദർശനത്തിനുള്ളത്. കുട്ടി ചിന്തകളുടെ വലിയ വർണലോകം ഇവിടെ കാണാം. നാലാം ക്ലാസ് മുതൽ പ്ലസ് ടുവരെ പഠിക്കുന്ന കുട്ടികളാണ് വ്യത്യസ്തമാർന്ന തീമുകളിൽ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പക്ഷികളും മൃഗങ്ങളും മീനുകളും തുമ്പികളും പരുന്തുമെല്ലാം ഇവിടെ വരകളായുണ്ട്. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ മുതൽ മക്ക-മദീനയും ഗണപതിയും ശോഭപകരുന്നു. എന്നാൽ, അതൊന്നും തള്ളിക്കളയാൻ കഴിയുന്ന വെറും ‘കുട്ടി വരകൾ’ അല്ല. ചിത്രകലയിലെ മാസ്റ്റർമാർ ചെയ്യുന്ന അതേ മികവിലും പൂർണതയിലുമാണ് നിറങ്ങൾ ഓരോ കാൻവാസിലും നിറഞ്ഞിരിക്കുന്നത്.
പ്രദർശനം നടത്താനുള്ള ചിന്ത കുട്ടികളോടും മാതാപിതാക്കളോടും പങ്കുവെച്ചപ്പോൾ എല്ലാ പിന്തുണയുമായി അവർ ഒപ്പംനിൽക്കുകയായിരുന്നു എന്ന് കുട്ടികൾക്ക് വഴികാട്ടിയായി ഒപ്പംനിൽക്കുന്ന അധ്യാപകൻ ആർട്ടിസ്റ്റ് അബി പറയുന്നു.
കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ക്ലാസുകളിലായി 450ലധികം വിദ്യാർഥികളാണ് അബിയുടെ ശിഷ്യർ ആയി ഉള്ളത്. അവരിൽ തെരഞ്ഞെടുത്ത 50 പേരാണ് കൊല്ലത്ത് പ്രദർശനം ഒരുക്കിയത്. കേരളത്തിൽ തന്നെ ഒരു അധ്യാപകന്റെ കുട്ടികളായ ശിഷ്യർ 50 പേർ ചേർന്ന് ചിത്രപ്രദർശനം നടത്തുന്ന സംഭവം അത്യപൂർവമാണ്.
തങ്ങൾക്ക് കിട്ടിയ അപൂർവ അവസരം ഏറെ സന്തോഷം തരുന്നതാണെന്നാണ് കുട്ടികൾക്കും പറയാനുള്ളത്. ‘കുറച്ച് കഷ്ടപ്പെട്ട അനുഭവം തന്നെയായിരുന്നു. നന്നായി ഡീറ്റെയിൽ ചെയ്ത് വരക്കാൻ ശരിക്കും സമയവും കഴിവും ഏറെയെടുത്ത് ചെയ്ത വർക്ക് ആണ്. ഒടുവിൽ ചിത്രം മനോഹരമായപ്പോൾ എല്ലാ കഷ്ടപ്പാടിനും ഫലമുണ്ടായി. ആദ്യമായി ഇങ്ങനെ ഒരു ചിത്രപ്രദർശന അനുഭവം കിട്ടിയതിലും വലിയ സന്തോഷമുണ്ട്.
കലാവഴിയിൽ ഇത് മുന്നോട്ടുപോകാൻ വലിയ ഊർജമാണ്.’ -പരുന്തുകളുടെ ഗംഭീരപ്രതിധ്വനി എന്ന ചിത്രവുമായി പ്രദർശനത്തിന് എത്തിയ 16കാരി ജെ.എസ്.നവമി പറയുന്നു. കൊല്ലത്തെ പ്രദർശനം ശനിയാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

