വെട്ടിത്തിട്ട സംഭവം; കർശന നടപടി സ്വീകരിക്കും -ജില്ല ശിശുക്ഷേമ സമിതി
text_fieldsകൊല്ലം: വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ ബോർഡിങ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ മോഷണക്കുറ്റം ആരോപിച്ച് ഫാനിൽ തലകീഴായി കെട്ടിത്തൂക്കിയെന്ന സംഭവം അത്യന്തം നടുക്കമുണ്ടാക്കുന്നതും മനുഷ്യബോധത്തെ തന്നെ ചോദ്യം ചെയ്യുന്നതുമായ ക്രൂരതയെന്ന് ജില്ല ശിശുക്ഷേമ സമിതി. ഈ നരാധമ പ്രവർത്തനത്തെ കൊല്ലം ജില്ല ശിശുക്ഷേമ സമതി ശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
പാചക തൊഴിലാളിയുടെ പണം മോഷ്ടിച്ചുവെന്നാരോപിച്ച് പിഞ്ചു ബാലനോട് കാട്ടിയ ഈ ക്രൂരത കുട്ടികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധമാണ്. ശിക്ഷാനടപടികളുടെ പേരിൽ ഇത്തരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങൾ അനുവദനീയമല്ലെന്ന് മാത്രമല്ല, അത് ഗുരുതര കുറ്റകൃത്യവുമാണ്. ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥിയുടെ ഭാവിജീവിതത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് സുരക്ഷയും ആത്മവിശ്വാസവും നൽകേണ്ട ഇടങ്ങളാണ്. എന്നാൽ, ഇത്തരം ഒറ്റപെട്ട സംഭവങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ്. സംഭവത്തിൽ പങ്കുള്ള എല്ലാ പ്രതികളെയും കണ്ടെത്തി ബാലനീതി നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സമിതി റിപ്പോർട്ട് തേടിയ ശേഷം കർശന നടപടി സ്വീകരിക്കുമെന്നും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി. ഷൈൻദേവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

