സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കര്‍ശന നടപടി
text_fieldsആശ്രാമം ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന വനിതാ
കമീഷന് അദാലത്തില്‍ നിന്ന്
കൊല്ലം: സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമീഷന്‍. ആശ്രാമം ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നല്‍കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ വധഭീഷണിയുള്‍പ്പെടെ ഉയരുന്നതായി കമീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത്തരം കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സൈബർ സെല്‍, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം ശക്തമാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കും. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയില്‍ നല്‍കി തീര്‍പ്പായില്ലെങ്കില്‍ മാത്രം കമീഷന് സമര്‍പ്പിക്കാമെന്ന് കമീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചതില്‍ 32 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ടിനായി നല്‍കി. 43 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.രണ്ട് പരാതികള്‍ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് കൈമാറി. വനിത കമീഷന്‍ സി.ഐ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ ശങ്കര്‍, ജയ കമലാസന്‍, ബെച്ചികൃഷ്ണ, കൗണ്‍സിലര്‍ അനഘ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

