Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണത്തിന് മുമ്പ് തെരുവ്...

ഓണത്തിന് മുമ്പ് തെരുവ് വിളക്കുകൾ കത്തിക്കും -മേയർ

text_fields
bookmark_border
ഓണത്തിന് മുമ്പ് തെരുവ് വിളക്കുകൾ കത്തിക്കും -മേയർ
cancel

കൊല്ലം: ഓണത്തിന് മുമ്പ് നഗര റോഡുകളിലെയും മറ്റ് എല്ലാ ഡിവിഷനുകളിലെയും തെരുവ് വിളക്കുകൾ കത്തിച്ചിരിക്കുമെന്ന് മേയർ എ.കെ. ഹഫീസ്. തെരുവുവിളക്കുകൾ കത്താത്തത് സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിവിധ അംഗങ്ങൾ ഉയർത്തിയ പരാതിക്ക് മറുപടി നൽകുകയായിരുന്നു മേയർ. ഏറെ തിരക്കുള്ള നഗരഹൃദയത്തിലെ റോഡുകളിൽപോലും രാത്രിയിൽ വെളിച്ചമില്ലാത്ത അവസ്ഥയാണെന്നും ചെമ്മാൻമുക്ക് പാലത്തിനു സമീപം താനും ഭാര്യയും സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ കിടന്ന മരച്ചില്ല കാണാതെ അപകടത്തിൽപെട്ടതായും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സി. ബാബു കൗൺസിലിൽ പറഞ്ഞു. മൂന്നാംകുറ്റി, കരിക്കോട് എന്നിങ്ങനെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വെളിച്ചമില്ല. നഗരംമുഴുവൻ കാടുകയറികിടക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം ബീച്ചിൽ പോയാൽ പാമ്പുകടിക്കുന്ന ഗതിയാണ്.

നിരാലംബർ താമസിക്കുന്ന ‘തറവാട്’ കേന്ദ്രത്തിൽ പണം നൽകാത്തതിനാൽ പാലും ഗ്യാസും കിട്ടാത്തനിലയാണ്. കോർപറേഷനിൽ സെക്രട്ടറി ഇല്ലാത്തതിനാൽ പെർമിറ്റുകൾ കിട്ടാതെ ജനം വലയുകയാണെന്നും സി. ബാബു ചൂണ്ടിക്കാട്ടി. തെരുവുവിളക്ക് കരാർ നാല് കമ്പനികൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഏറെയാണെന്ന് മേയർ പറഞ്ഞു. ഈ നാല് കരാറുകളും റദ്ദാക്കുകയാണ് പോംവഴി. എന്നാൽ, അതിന് പിന്നാലെയുള്ള നൂലാമാലകൾ കാരണമാണ് ചെയ്യാത്തത്. ലൈറ്റ് കരാറുകാർക്ക് നാല് കോടി കൊടുക്കാനുണ്ടായിരുന്നു. ഈ പണം നൽകി വിളക്ക് കത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് വൈദ്യുതി മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തും. ആശ്രാമം മൈതാനത്തിന് ചുറ്റും ഉള്ളതുൾപ്പെടെ നഗരത്തിലെ അനധികൃത തെരുവുകച്ചവട ബങ്കുകൾ ഓണം കഴിയുന്നതോടെ നീക്കാൻ നടപടിയുണ്ടാകുമെന്നും മേയർ വ്യക്തമാക്കി.

മാനുഷിക പരിഗണനവെച്ച് ഓണം വരെ സമയം നൽകുകയാണെന്നും തുടർന്ന് എത്ര സമ്മർദം ഉണ്ടായാലും കർശന നടപടി ആയിരിക്കും എടുക്കുന്നതെന്നും പറഞ്ഞു. തീരം ഇടിയുന്ന ബീച്ചിൽ ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതി ആലോചിക്കും. തീരദേശ വികസന കോർപറേഷൻ മുൻ ഭരണസമിതിയുടെ കാലത്ത് ഇതിനായി പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ, അഷ്ടമുടി കായൽ നവീകരണത്തിന് 6.89 കോടി വാങ്ങിയിട്ട് എന്തു പ്രവർത്തികൾ ചെയ്തു എന്ന് പറയാൻ കഴിയാത്ത തീരദേശ വികസന കോർപറേഷനെ പുതിയ പദ്ധതി ഏൽപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അഷ്ടമുടി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തതായും മേയർ വ്യക്തമാക്കി. കല്ലുംതാഴത്ത് ദേശീയപാത ഓണത്തിനു മുമ്പ് തുറക്കാൻ ഇടപെടണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ് ആവശ്യപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷ ടി. ലൈല കുമാരിയും ഈ ആവശ്യത്തിന് പിന്തുണയറിയിച്ചു. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.എസ്. ഗോപകുമാർ, വിൻസി ബൈജു, കുരുവിള ജോസഫ്, എ. സദക്കത്ത്, എം. രാജശ്രീ, കൗൺസിലർമാരായ റാഫി, അജിത് ചോഴത്തിൽ, എ.എം. മുസ്തഫ, എ. നിസാർ എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamStreet Lightskerala local newsKollamKollam Corporation Mayor
News Summary - Street lights will be lit before Onam - Mayor
Next Story