ചവറയിൽ തെരുവുനായ് ശല്യം രൂക്ഷം; കാൽനടയാത്രക്കാർ ഭീതിയിൽ
text_fieldsചവറ: മേലയിൽ തെരുവുനായ് ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കൾ കാരണം നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവോരങ്ങൾ, ആളൊഴിഞ്ഞ പുരയിടങ്ങൾ, പൊതു മാർക്കറ്റ്, കായലോരങ്ങൾ, ബസ് സ്റ്റാൻഡ്, ഇടവഴികൾ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ചവറയിലെ വ്യവസായ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ടൈറ്റാനിയം, ചവറ ബസ്സ്റ്റാൻഡ്, കൊറ്റൻകുളങ്ങര, കൃഷ്ണൻനട, പാലക്കടവ്, കുളങ്ങരഭാഗം, കൊട്ടുകാട്, ശങ്കരമംഗലം, മുകുന്ദപുരം, തട്ടാശ്ശേരി, പന്മന, പുത്തൻചന്ത, വടുതല, ടൈറ്റാനിയം ജങ്ഷൻ, ഇടപ്പള്ളിക്കോട്ട, വടക്കുംതല, കുറ്റിവട്ടം, തേവലക്കര, പന്മന, പടപ്പനാൽ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.
ഈ പ്രദേശങ്ങളിലെല്ലാം അനുദിനം തെരുവുനായ്ക്കൾ പെരുകുന്നതായി നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാരായ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെയാണ് റോഡിലൂടെ പോകുന്നത്.
തെരുവുനായ് ശല്യം കാരണം ഇരുചക്രവാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ വശങ്ങളിൽ തമ്പടിക്കുന്നവ അപ്രതീക്ഷിതമായി എടുത്ത് ചാടുന്നത് ഇരുചക്രവാഹന യാത്രികരുടെ ജീവന് ഭീഷണിയാവുകയാണ്.
രാത്രി കോഴികളെയും വളർത്തുമൃഗങ്ങളെയും അക്രമിക്കുന്നതും പാദരക്ഷകൾ കടിച്ചുകീറുന്നതും പതിവാണ്. അടിയന്തരമായി തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.